Asianet News MalayalamAsianet News Malayalam

'തലമുറമാറ്റം പുരോഗമനപരമായ തീരുമാനം'; മന്ത്രിമാരെ നിശ്ചയിച്ചതിനെക്കുറിച്ച് ആഷിക് അബു

"തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്. കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും"

aashiq abu on selection of ministers in second pinarayi vijayan government
Author
Thiruvananthapuram, First Published May 19, 2021, 10:10 AM IST

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായി പാര്‍ട്ടിയില്‍ നിന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള സിപിഎം തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. മന്ത്രിസ്ഥാനം എന്നത് പാര്‍ട്ടി വ്യക്തികളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും ഏറ്റെടുക്കാനിരിക്കുന്നവരും ഒരുപോലെ പറഞ്ഞുകേട്ടതില്‍ സന്തോഷം തോന്നിയെന്ന് ആഷിക് ഫേസ്ബുക്കില്‍ കുറിച്ചു. കെ കെ ശൈലജയ്ക്ക് ഇക്കുറി അവസരം നിഷേധിച്ചതില്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. റിമ കല്ലിങ്കല്‍, പാര്‍വ്വതി, ഗീതു മോഹന്‍ദാസ് അടക്കം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേരും 'bring our teacher back' എന്ന ഹാഷ് ടാഗോടെയുള്ള  ക്യാംപെയ്‍നില്‍ പങ്കെടുത്തിരുന്നു.

ആഷിക് അബുവിന്‍റെ കുറിപ്പ്

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന്  സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങൾ. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്. "നവകേരളം" എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാൻ സാധിക്കും. കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാർട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങൾക്കിടയിൽ. ടീച്ചർക്കും മണിയാശാനും സഖാവ് ഐസക്കിനും സഖാവ് സുധാകരനും ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. പി രാജീവിനും എം ബി രാജേഷിനും കെ എൻ ബാലഗോപാലിനും വീണ ജോർജിനും ഗോവിന്ദൻമാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാർക്കും ആശംസകൾ.  പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകൾ, അഭിവാദ്യങ്ങൾ. വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios