കൊച്ചി: 'മിന്നല്‍ മുരളി' എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണമെന്ന് ആഷിഖ ആബു ഫേസ്ബുക്കില്‍ കുറിച്ചു. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കുമെന്നും മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം അറിയിച്ച് ആഷിഖ് അബു പറഞ്ഞു. 

മലയാള സിനിമയില്‍നിന്നും സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ പ്രതിഷേധ ശബ്ദമാണ് സംഭവത്തിനെതിരെ ഉയരുന്നത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സംഭവത്തില്‍ ഏറെ വിഷമവും ആശങ്കയുമുണ്ടെന്നാണ് ബേസില്‍ പ്രതികരിച്ചത്. 

ഒരു  മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമവും ആശങ്കയുമുണ്ടെന്ന് ബേസില്‍ പറഞ്ഞു. 

നേരത്തെ സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തുനിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു ഫേസ്‌ബുക്ക് പോസ്റ്റില്‍ ഹരി പാലോട്.  

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ സിനിമയില്‍ അജു വര്‍ഗീസ് അഭിനയിക്കുന്നുണ്ട്. തമിഴ് താരം ഗുരു സോമസുന്ദരം, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.