ലോകമാകമാനം 4100 തിയറ്ററുകളിലാണ് മരക്കാര്‍ റിലീസ്

നാളെ തിയറ്ററുകളിലേക്കെത്തുന്ന മോഹന്‍ലാല്‍ (Mohanlal) ചിത്രം 'മരക്കാറി'ന് (Marakkar) ആശംസകളുമായി സംവിധായകന്‍ ആഷിക് അബു (Aashiq Abu). മരക്കാര്‍ മലയാളത്തിന്‍റെ അഭിമാന ചിത്രമായി മാറട്ടെയെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. "മോഹൻലാൽ - പ്രിയദർശൻ" കൂട്ടുകെട്ടിൽ കുഞ്ഞാലി മരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ! പ്രിയപ്പെട്ട ലാലേട്ടനും പ്രിയദർശൻ സാറിനും മഞ്ജു വാര്യര്‍ക്കും ആന്‍റണി ചേട്ടനും പ്രിയ സുഹൃത്തും സഹോദരനും നിർമ്മാണപങ്കാളിയുമായ സന്തോഷേട്ടനും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ. കുഞ്ഞാലി മരക്കാർ നാളെ മുതൽ", ആഷിക് അബു കുറിച്ചു.

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ നാളെ പ്രദര്‍ശനത്തിനെത്തുക. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. പ്രീ-റിലീസ് ടിക്കറ്റ് റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെന്നാണ് ആശിര്‍വാദ് സിനിമാസ് അറിയിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്. ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതില്‍ ഏറ്റവും വലിയ തിയറ്റര്‍ കൗണ്ട് ആണെന്നതിനാല്‍ ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ എത്രയെന്നറിയാനുള്ള ആകാംക്ഷ ചലച്ചിത്ര വ്യവസായത്തിനുണ്ട്.

അതേസമയം ടൊവീനോയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നാരദനാ'ണ് ആഷിക് അബുവിന്‍റെ പുതിയ ചിത്രം. നേരത്തെ 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലെ റാണി എന്ന ഭാഗവും ആഷിക് സംവിധാനം ചെയ്‍തിരുന്നു. ഒപ്പം ആഷിക് നിര്‍മ്മാതാവാകുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഭീമന്‍റെ വഴി' റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. മരക്കാര്‍ എത്തുന്നതിന്‍റെ പിറ്റേന്നാണ് ചിത്രത്തിന്‍റെ റിലീസ്. 'തമാശ'യുടെ സംവിധായകന്‍ അഷ്‍റഫ് ഹംസയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.