Asianet News MalayalamAsianet News Malayalam

ആവേശം എന്‍റര്‍ടെയ്മെന്‍റ് മാത്രം ലക്ഷ്യമാക്കി അഭിനയിച്ച ചിത്രമെന്ന് ഫഹദ് ഫാസില്‍; ചിത്രം തീയറ്ററുകളിലേക്ക്

കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ആവേശത്തെ സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസം ഫഹദ് പ്രകടിപ്പിച്ചു.
 

aavesham film made with the sole purpose of excitement entertainment said Fahadh Faasil The film hits theaters on April 11 vvk
Author
First Published Apr 10, 2024, 9:22 AM IST

കൊച്ചി: രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിൻ്റെ പുതിയ ചിത്രം ആവേശം ഏപ്രിൽ 11 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും പുറത്തിറങ്ങിയാതോടെ സിനിമാ പ്രേമികൾക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

താൻ ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്ന്  ഫഹദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.. “ഇതുപോലൊരു സിനിമയും കഥാപാത്രവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. മലയാളവും എന്റെ കഥാപാത്രമായ രംഗ സംസാരിക്കുന്നത് കന്നഡയും കലർന്ന ഭാഷയിലായതിനാൽത്തന്നെ ഏറെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ്.” ചൊവ്വാഴ്ച കൊച്ചിയിൽവച്ചു നടന്ന പ്രീ-റിലീസ് പ്രസ് മീറ്റിൽ ഫഹദ് പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തവണ വ്യത്യസ്തമായ വേഷം ചെയ്തതെന്ന ചോദ്യത്തിന്, തന്നെ തേടി വരുന്ന വേഷങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് ഫഹദ് മറുപടി പറഞ്ഞു. “എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോള്‍, വളരെ എന്റര്‍ടൈനിങ്ങ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി. ഓഫ്‌ബീറ്റ് സിനിമകൾക്കായി ഒടിടി പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തീയേറ്ററുകളിൽത്തന്നെ കാണേണ്ട ചിത്രമാണ്” അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാര്‍ക്കൊപ്പം അഭിനയിച്ചത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് ഫഹദ് പറഞ്ഞു. രംഗ എന്ന കഥാപാത്രത്തെക്കുറിച്ച് ജിത്തു തനിക്ക് വ്യക്തമായ ധാരണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കഥാപാത്രത്തിന്റെ മീശയും ഡിഎൻ ഹെയർസ്റ്റൈലും പിന്നീടാണ് ഉറപ്പിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആവേശത്തില്‍ 'ഫഫ' എന്ന പേര് ഉപയോഗിച്ചതിനെപ്പറ്റിയും ഫഹദ് സംസാരിച്ചു. ആദ്യം സുഹൃത്തുക്കളാണ് അങ്ങനെ വിളിച്ചിരുന്നതെന്നും, പിന്നീട് മറ്റുള്ളവരും അത് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. ആവേശത്തില്‍ ഈ ടൈറ്റില്‍ ഉപയോഗിക്കുന്നത് രസകരമായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് തോന്നിയതിനാലാണ് 'റീഇന്‍ട്രൊഡ്യൂസിങ് ഫഫ' എന്ന ടൈറ്റില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, അല്ലു അർജുൻ്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ 2: ദ റൂളിൻ്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ആവേശത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് അധികമൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ഫഹദ് പറഞ്ഞു.

സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്‍ കുറവാണെങ്കിലും ജനങ്ങള്‍ ഏറ്റെടുക്കുമെന്നും, സിനിമാപ്രവര്‍ത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ആവേശത്തെ സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസം ഫഹദ് പ്രകടിപ്പിച്ചു.

രജനികാന്തിൻ്റെ വേട്ടയ്യനിലും, വടിവേലുവിൻ്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

തുടര്‍ന്ന് സംവിധായകന്‍ ജിത്തു മാധവന്‍ മാധ്യമങ്ങളോട് സംസാരിച്ചു. ഇതൊരു വ്യത്യസ്തമായ ചിത്രമായതിനാലാണ് 'ആവേശം' എന്ന വ്യത്യസ്തമായ പേര് സിനിമയ്ക്ക് ഇട്ടതെന്ന് അദ്ദേഹം പറഞ്ഞു.  തന്റെ ആദ്യചിത്രമായ രോമാഞ്ചം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ ഇതിവൃത്തം ഒഴിച്ച് മറ്റുള്ള കാര്യങ്ങള്‍ സാങ്കല്‍പ്പികം മാത്രമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവേശം ഒരു സ്പിൻ-ഓഫ് ചിത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ് ആവേശം, രോമാഞ്ചം ഇഷ്ടപ്പെടാത്തവര്‍ക്കുപോലും ആവേശം ഇഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോമാഞ്ചത്തിന്റെ റിലീസിന് തൊട്ടുപിറകെതന്നെ ആവേശത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 

രോമാഞ്ചം ഷൂട്ട്‌ കഴിഞ്ഞ ഉടനെ അന്‍വര്‍ റഷീദിനെ വിളിച്ച് ആവേശത്തിന്റെ തിരക്കഥ പറഞ്ഞെന്നും, അതിഷ്ടപ്പെട്ട അദ്ദേഹം ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായെന്നും ജിത്തു പറഞ്ഞു.യ്തു,” ജിത്തു മാധവൻ ഓർമ്മിപ്പിച്ചു. 
രോമാഞ്ചവും ആവേശവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ സംവിധായകൻ, രോമാഞ്ചത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും വെളിപ്പെടുത്തി.

സൂപ്പര്‍ ഹിറ്റുകളായ രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആവേശത്തെ ഒരു ആവേശകരമായ പ്രോജക്‌റ്റും മികച്ചൊരു എൻ്റർടെയ്‌നറുമാണെന്ന് വിശേഷിപ്പിച്ചു. നല്ല ടെമ്പോ ഉള്ള ഗാനങ്ങളാണ് ആവേശത്തിലേത്. വിവിധസാഹചര്യങ്ങളിലുള്ള എട്ടുപാട്ടുകളാണ് ചിത്രത്തിലുള്ളത്, വ്യത്യസ്ത ഗായകരാണ് ഇവയോരോന്നും പാടിയിരിക്കുന്നത് എന്ന് സുഷിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഡിപ്പെന്‍ഡന്റ് ആയ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിക്കുന്നത് തൻ്റെ കരിയറിലെ ഒരു നേട്ടമാണെന്ന് സുഷിന്‍ കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ്ആവേശം  നിര്‍മിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം  ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. 

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. 

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട്  വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്നേക്ക് പ്ലാന്റ്

ഇനി രണ്ടുനാൾ; റിലീസിന് മുൻപ് 'വർഷങ്ങൾക്കു ശേഷ'ത്തെ വീഴ്ത്തി 'ആവേശം', വിഷു ആർക്കൊപ്പമാകും ?

50 കോടിയോ 100കോടിയോ! അതോ അതുക്കും മേലേയോ? വിഷു ആർക്കൊപ്പമാകും? ഒരു ദിവസം മൂന്ന് റിലീസ്
 

Follow Us:
Download App:
  • android
  • ios