ബോക്സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ നേടിയ ചിത്രം

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നായിരുന്നു ഈ വര്‍ഷം ഏപ്രിലില്‍ തിയറ്ററുകളിലെത്തിയ ആവേശം. മോളിവുഡിലേക്ക് ഫഹദ് ഫാസിലിന്‍റെ വമ്പന്‍ തിരിച്ചുവരവ് കൂടിയായ ആവേശം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടിയിലേറെയാണ് നേടിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷാ പ്രേക്ഷകരിലും ചര്‍ച്ചയായ ചിത്രമായിരുന്നു ഇത്. രം​ഗ എന്ന കേന്ദ്ര കഥാപാത്രമായി ഫഹദിന്‍റെ പ്രകടനവും ഏറെ ശ്ലാഘിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വരാന്‍ സാധ്യതയുള്ള ഒരു തെലുങ്ക് റീമേക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ നടക്കുന്നത്.

ചിത്രം വലിയ സ്വീകാര്യത നേടിയതിന് പിന്നാലെ ഒടിടി റിലീസിന്‍റെ സമയത്തും മറ്റും മറുഭാഷകളില്‍ ഫഹദിന്‍റെ സ്ഥാനത്ത് ആരൊക്കെ എത്തുമെന്ന സാങ്കല്‍പിക ചര്‍ച്ചകള്‍ സിനിമാപ്രേമികള്‍ നടത്തിയിരുന്നു. അന്നുമുതലേ പറയപ്പെടുന്ന പേരാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയുടേത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു പ്രോജക്റ്റ് നടക്കും എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ബാലയ്യയുടെ കരിയറിലെ 111-ാം ചിത്രമായി ആവേശം റീമേക്ക് സംഭവിക്കുമെന്നും സംവിധാനം ചെയ്യുക ഹരീഷ് ശങ്കര്‍ ആയിരിക്കുമെന്നുമൊക്കെ കേള്‍ക്കുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…

ഹരീഷ് ശങ്കറിന്‍റെ സംവിധാനത്തില്‍ ബാലയ്യ നായകനാവുന്ന ഒരു ചിത്രം വരാനിരിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആവേശം റീമേക്ക് ചര്‍ച്ചകളില്‍ അദ്ദേഹത്തിന്‍റെ പേര് തെലുങ്ക് സിനിമാപ്രേമികള്‍ ഉയര്‍ത്താനുള്ള കാരണവും അതാവാം. തെലുങ്കിലെ പ്രമുഖ ബാനറായ മൈത്രി മൂവി മേക്കേഴ്സ് ആവേശത്തിന്‍റെ തെലുങ്ക് റീമേക്ക് റൈറ്റ്സ് കരസ്ഥമാക്കാന്‍ ശ്രമിക്കുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തായാലും ഔദ്യോ​ഗിക പ്രഖ്യാപനം വന്നാലേ ഇത്തരത്തില്‍ ഒരു പ്രോജക്റ്റിന്‍റെ സാധ്യതയെക്കുറിച്ച് ഉറപ്പിക്കാനാവൂ. എന്നാല്‍ അത്തരത്തിലൊന്ന് വന്നാല്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ആവും അത് നേടുക. ഫഹദിന്‍റെ രം​ഗ ബാലയ്യയിലൂടെ തെലുങ്കിലേക്ക് എത്തുകയാണെങ്കില്‍ എന്തൊക്കെ മാറ്റങ്ങളാവും സംഭവിക്കുകയെന്നത് സിനിമാപ്രേമികളില്‍ ഏറെ കൗതുകം പകരുന്ന ഒന്നായിരിക്കും. 

ALSO READ : 'അഡിയോസ് അമിഗോ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം