വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാര്‍, രമ്യ സുഭാഷ്, ഷിന്‍സ് ഷാന്‍ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു

നവാഗതനായ തമര്‍ സംവിധാനം ചെയ്ത ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണിത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സലിം അഹമ്മദ് ആണ് അലന്‍സ് മീഡിയയുടെ ബാനറില്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സോണി ലിവിലൂടെ ചിത്രം കാണാനാവും.

വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാര്‍, രമ്യ സുഭാഷ്, ഷിന്‍സ് ഷാന്‍ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 13 പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. നുണ എന്നതിന്‍റെ വിവിധ മാനങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ണ്ണമായും യുഎഇയില്‍ ആയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ കുറച്ച് പേര്‍ ഒത്തുചേരുന്നു. നുണ ഓരോരുത്തരുടെയും ജീവിതത്തില്‍ ഏത് വിധത്തില്‍ പ്രതിഫലിക്കുന്നു, കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചിത്രം പരിശോധിക്കുന്നു.

ഹാഷിം സുലൈമാനും തമറും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്. സംഗീതം നേഹ നായര്‍, യക്സന്‍ ഗാരി പെരേര, എഡിറ്റിംഗ് നിഷാദ് യൂസഫ്, കോ ഡയറക്ടര്‍ ഹാഷിം സുലൈമാന്‍, കലാസംവിധാനം ആഷിക് എസ്, സൌണ്ട് ഡിസൈന്‍ അരുണ്‍ റാം വര്‍മ്മ, സൌണ്ട് മിക്സിംഗ് എം ആര്‍ രാജകൃഷ്ണന്‍, വരികള്‍ അന്‍വര്‍ അലി, ചീഫ് അസോസിയേറ്റ് രാജേഷ് അടൂര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ജിജോയ് പുളിക്കല്‍.

ALSO READ : ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകള്‍ ജനസമുദ്രം; 'ഗദര്‍ 2' ആറ് ദിവസം കൊണ്ട് നേടിയത്

Aayirathonnu Nunakal | Malayalam | Salim Ahamed | Thamar | Streaming on 18th Aug