Asianet News MalayalamAsianet News Malayalam

'അച്ഛന്റെ അവസാനത്തെ പിറന്നാള്‍', വീഡിയോയുമായി അഭിരാമി സുരേഷ്

'പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞിരുന്നു'.

Abhirami Sureshs father birthday video gets attention hrk
Author
First Published Jun 8, 2023, 10:01 AM IST

സഹോദരിമാരായ അമൃതയുടെയും അഭിരാമിയുടെയും അച്ഛൻ മരിച്ചത് അടുത്തിടെയാണ്. ഓടക്കുഴല്‍ വാദകനായ പി ആര്‍ സുരേഷ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. അച്ഛൻ പി ആര്‍ സുരേഷിന്റെ അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അഭിരാമി സുരേഷ്. ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്ന് അഭിരാമി സുരേഷ് പറയുന്നു.

അച്ഛ ഞങ്ങളോടൊപ്പമുള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ. ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് അഭിരാമി വീഡിയോ പങ്കുവെച്ച് എഴുതിയിരിക്കുന്നത്.

അച്ഛൻ പി ആര്‍ സുരേഷ് മരിക്കുന്നതിന് മുമ്പ് സ്വപ്‍ന പദ്ധതിക്ക് തുടക്കം കുറിക്കാനായതിന്റെ വിശേഷം അഭിരാമി സുരേഷ് നേരത്തെ പങ്കുവെച്ചിരുന്നു. തന്റെ അച്ഛന്‍ മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അഭിരാമി കൊച്ചിയില്‍ സ്വന്തമായി ആര്‍ട് കഫേ തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നത്തിന് അച്ഛന്റെ പിന്തുണയും അനുഗ്രഹവും ലഭിച്ചതിന്റെ സന്തോഷം അഭിരാമി പോസ്റ്റില്‍ കുറിച്ചിരുന്നു.  ജീവിതത്തില്‍ പ്രകാശമായതിനും ഒരുപാട് നന്മയും കലയും ഹൃദയത്തില്‍ പതിപ്പിച്ചതിനും മുന്നോട്ട് നയിച്ചതിനും അച്ഛനോട് നന്ദി പറയുന്നുവെന്നും അഭിരാമി പോസ്റ്റില്‍ പറഞ്ഞിരുന്നു.

'അച്ഛൻ ഞങ്ങളെ പിരിയുന്നതിനു മുൻപ്, എന്റെ സ്വപ്‍ന പദ്ധതിയായ ബിസിനസ് സംരംഭം  ആരംഭിച്ചു. എന്‍റെ അച്ഛനും അമ്മയും ചേർന്ന് cafe Uutopia  ഉദ്ഘാടനം നിർവഹിച്ചു എന്നൊരു  ഭാഗ്യം എനിക്കുണ്ടായി. മാതാപിതാക്കളുടെയും സഹോദരിയുടെയും അനുഗ്രഹം എന്റെ പുതിയ യാത്രയിൽ ഒപ്പമുണ്ട്. വീട്ടിൽ ഞങ്ങളുടെയെല്ലാം സ്നേഹത്തിന്റെ ഭാഷ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതാണ്.  നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അച്ഛന് എപ്പോഴും ഇഷ്ടമായിരുന്നു. ഞങ്ങളുടെ ആഗ്രഹങ്ങള്‍ പറയാതെ തന്നെ മനസിലാക്കി അച്ഛന്‍ പുറത്തു നിന്നുള്ള ഇഷ്ട ഭക്ഷണം വാങ്ങിക്കൊണ്ടു വരുമായിരുന്നു. എന്റെ അമ്മ വളരെ നന്നായി ഭക്ഷണം പാകം ചെയ്യും. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കുകൾ അവസാനിക്കുന്നതു പോലും അമ്മ ഉണ്ടാക്കി തരുന്ന സ്പെഷൽ വിഭവങ്ങൾ കഴിക്കുന്നതിലൂടെയായിരുന്നു. വഴക്കുകൾക്കു ശേഷം ഞങ്ങൾ എല്ലാവരും പരസ്‍പരം കെട്ടിപ്പിടിക്കും, പൊട്ടിച്ചിരിക്കും, സന്തോഷിക്കും.

എനിക്ക് മുമ്പോട്ടുള്ള വെളിച്ചം കാണിച്ചുതന്നതിനും, ഒരുപാട് കലയും നന്മയും ഹൃദയത്തിൽ നിറച്ച് എന്നെ ഇവിടെ വരെ നയിച്ചതിനും എന്റെ കുടുംബത്തോട് ഞാൻ വിനയവും, നന്ദിയുമുള്ളവളാണ്. ഒരു സംരംഭക ആകാനുള്ള എന്റെ സാഹസികവും, ആഗ്രഹവും പിന്തുണച്ച എന്റെ മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ഇന്ന് ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ, എന്റെ അച്ഛൻ ഞങ്ങളോടൊപ്പമില്ല. പക്ഷേ അച്ഛനൊപ്പം എനിക്കു ദശലക്ഷക്കണക്കിന് ഓർമകളുണ്ട്.

അച്ഛനും അമ്മയും ഞങ്ങളെ നല്ല മനുഷ്യരാക്കി വളര്‍ത്തി​. ​അതികഠിനമായ സമയങ്ങളിലും, ക്രൂരമായ സമൂഹമാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട കാലങ്ങളിലും, ഞങ്ങളെല്ലാവരും പരസ്പരം കൈകൾ മുറുകെ പിടിച്ചു നിന്നു. ഞങ്ങൾ എന്തിലാണ് വിശ്വസിക്കുന്നതെന്നും ഞങ്ങളുടെ ജീവിതത്തിന്റെ സത്യാവസ്ഥയും ഞങ്ങൾക്കറിയാമായിരുന്നു. ദൈവം ഒരിക്കലും കൈവിടില്ലെന്നും പൂർണ ബോധ്യമുണ്ട്.

ഈശ്വരൻ അദ്ദേഹത്തിന് പ്രിയപ്പെട്ടവരെ, ഭൂമിയിലെ മനുഷ്യായുസ്സ് പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ ​തിരികെ കൊണ്ടുപോകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങളുടെ അച്ഛനും, ഗുരുവും, ബെസ്റ്റ് ഫ്രണ്ടും എല്ലാമായിരുന്നയാൾ, മുൻപ് ഞങ്ങളെ നയിച്ചിരുന്നത് പോലെ തന്നെ ഇനിയും ഞങ്ങളെ ചേർത്തു പിടിച്ചു നിൽക്കട്ടെ. ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നതിനും അനുശോചനങ്ങള്‍ അറിയിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾക്കും നന്ദി. ആരോടും വ്യക്തിപരമായി മറുപടി പറയാന്‍‌ എനിക്കു സാധിച്ചില്ല.നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെക്കൂടി ഓർക്കുമല്ലോ. അച്ഛന്റെ നിത്യശാന്തിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്നുമായിരുന്നു അഭിരാമി അന്ന് കുറിച്ചത്.

Read More: 'കുടുംബവിളക്ക്' അടുത്ത വിവാഹത്തിന് ഒരുങ്ങുന്നു, സീരിയല്‍ റിവ്യു

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Follow Us:
Download App:
  • android
  • ios