മുംബൈ: സോഷ്യൽ മീഡിയയിലൂടെ തൊഴിൽരഹിതനെന്ന് വിളിച്ച് കളിയാക്കിയ വ്യക്തിക്ക് തക്ക മറുപടി നൽകി നടൻ അഭിഷേക് ബച്ചൻ. മൺഡേ മോട്ടിവേഷൻ എന്ന ഹാഷ്ടാ​ഗിൽ അഭിഷേക് ബച്ചൻ ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു പോസ്റ്റിന് താഴെയാണ് തൊഴിൽരഹിതൻ എന്ന് ഒരാൾ വിശേഷിപ്പിച്ചത്. ''ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക, ഒരു ലക്ഷ്യമുണ്ടായിരിക്കുക, അസാധ്യമെന്ന് കരുതുന്ന കാര്യം സാധ്യമെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുക'' എന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റ്. 

ഇതിന് മറുപടിയായി ലഭിച്ച അനേകം മറുപടികളിലൊന്ന് ഇപ്രകാരമായിരുന്നു, ''നിങ്ങളെന്തിനാണ് തിങ്കളാഴ്ച ഒരാൾ ഹാപ്പിയായിരിക്കാൻ ആഹ്വാനം ചെയ്യുന്നത്? തൊഴിൽരഹിതൻ?'' ഈ വാക്കുകൾക്ക് അഭിഷേക് മറുപടി നൽകിയത് ഇപ്രകാരമായിരുന്നു. ''ഇല്ല. ഞാനിതിനോട് വിയോജിക്കുന്നു. ഞാൻ ചെയ്യുന്നത് എന്താണോ ആ പ്രവർത്തിയെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.'' അഭിഷേകിന്റെ ഈ മറുപടി സോഷ്യൽ മീഡിയ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. നിങ്ങൾ ഷെയർ ചെയ്ത പോസ്റ്റിനേക്കാൾ മഹത്വമുള്ള കുറിപ്പാണിതെന്നും ഈ ലോകത്തിന് വേണ്ടത് ഇത്തരം പ്രസാദാത്മകതയാണെന്നും ആരാധകർ മറുപടി കുറിച്ചിരിക്കുന്നു. മാന്യതയുള്ള മറുപടി എന്നും ആരാധകർ പറയുന്നു.

ആദ്യമായിട്ടല്ല, അഭിഷേക് ബച്ചൻ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയനാകുന്നത്. ഒരിക്കൽ അഭിഷേകിന്റെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് ഇപ്രകാരമായിരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സിനിമകൾ ഒന്നും ചെയ്യാത്തയാൾക്ക് അവധി ആഘോഷിക്കാൻ പണമെവിടുന്നാണ്? എന്നാൽ തനിക്ക് അഭിനയം മാത്രമല്ല, മറ്റ് ബിസിനസ്സുകളുമുണ്ട് എന്നായിരുന്നു അഭിഷേകിന്റെ സമചിത്തതയോടെയുളള മറുപടി.