കരിയറിലെ ആദ്യ വെബ് സിരീസില്‍ അഭിനയിക്കാന്‍ അഭിഷേക് ബച്ചനും നിത്യ മേനനും. ഇരുവരും ഒരുമിക്കുന്ന സിരീസ് ആമസോണ്‍ പ്രൈം വീഡിയോ ആണ് അനൗണ്‍സ് ചെയ്‍തിരിക്കുന്നത്. ഇമോഷണല്‍ ത്രില്ലര്‍ സിരീസിന്‍റെ പേര് 'ബ്രീത്ത്: ഇന്‍ടു ദി ഷാഡോസ്' എന്നാണ്. ജൂലൈ പത്തിനാണ് സിരീസിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക.

അബന്‍ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മ്മിക്കുന്ന സിരീസില്‍ അമിത് സദ്ധ്, സൈയാമി ഖേര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മയാങ്ക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സിരീസിന്‍റെ രചന മയാങ്കിനൊപ്പം ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയിദ് എന്നിവര്‍ ചേര്‍ന്നാണ്.

"അഭിഷേക് ബച്ചനും അമിത് സാദ്ധും നിത്യ മേനനും സൈയാമി ഖേറും ഒരുമിച്ചെത്തുന്ന ബ്രീത്ത് കാണികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരാണ്. ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകര്‍ ഈ ഇമോഷണല്‍ ത്രില്ലര്‍ ഏറെ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്", ആമസോണ്‍ പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനല്‍സ് ഹെഡ് അപര്‍ണ പുരോഹിത് പറയുന്നു.