മുംബൈ: കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നന്മയുടെ പ്രതീകങ്ങളായ നിരവധി പേരുടെ വാർത്തകളാണ് പുറത്തുവരുന്നത്. അക്കൂട്ടത്തിൽ തെരുവുമൃഗങ്ങളെയും വീടുകളില്ലാത്തവരെയും സഹായിക്കാനായി ചിത്രം വരച്ച് പണം കണ്ടെത്തിയ പന്ത്രണ്ടുവയസ്സുകാരിയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ മകൾ അന്യയായിരുന്നു ആ കൊച്ചുമിടുക്കി.

ചിത്രം വരയിലൂടെ ഏകദേശം രണ്ടു ലക്ഷം രൂപയോളം അന്യ സമാഹരിക്കുകയും കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആ​ പണം നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അന്യയുടെ നന്മയ്ക്ക് പ്രോത്സാഹനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. 

താൻ വരയ്ക്കുന്ന ആനിമൽ സ്കെച്ചുകൾ 1000 രൂപയ്ക്കാണ് അന്യ ആവശ്യക്കാർക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ തന്നാലാവുന്ന സഹായങ്ങളുമായി രംഗത്തെത്തിയ അന്യയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട അഭിഷേക് ഒരു സ്കെച്ച് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിക്കുകയായിരുന്നു. 

ഫറാ ഖാനാണ് ഈ സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. “ആരാണ് ഒരു ലക്ഷം രൂപ ഒരു സ്കെച്ചിനു നൽകുക? അഭിഷേക് ബച്ചനല്ലാതെ. നന്ദി വലിയ ഹൃദയമുള്ള, ക്രേസിയായ എന്റെ കൂട്ടുകാരന്,” എന്നാണ് ഫറാ ഖാൻ കുറിക്കുന്നത്.