ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്‍മിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ ചിത്രമാണിത്

ടൊവീനോ തോമസും പിയാ ബാജ്പേയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അഭിയുടെ കഥ അനുവിന്‍റെയും' സൈന പ്ലേ ഒടിടിയില്‍ റിലീസ് ആയി. ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്‍മിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ ചിത്രമാണിത്. മലയാളത്തിലും തമിഴിലും ഒരേസമയം നിർമ്മിക്കപ്പെട്ട ചിത്രത്തില്‍ പ്രഭു, രോഹിണി, സുഹാസിനി, ദീപ, മനോ ബാല, മഹേഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ അഭിയും അനുവും. പതിവ് ജോലിയും ജീവിതശൈലിയുമുള്ള, അമ്മയോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് അഭി. അനു ഇടുക്കി വാഗമണ്ണിലെ ഒരു ജൈവ കർഷകയാണ്. സാമൂഹിക പ്രശ്നങ്ങളിലൊക്കെ ഇടപെടുന്ന ആളുമാണ്. ഫേസ്ബുക്ക് പരിചയത്തിലൂടെ ഇരുവരും വിവാഹിതരാവുകയാണ്. എന്നാല്‍ തുടര്‍ന്നുണ്ടാവുന്ന ചില പ്രശ്‍നങ്ങള്‍ ഇരുവരുടെയും ബന്ധത്തിന്‍റെ അടിത്തറയെത്തന്നെ ചോദ്യം ചെയ്യുകയാണ്.

യൂഡിലി ഫിലിംസിന്‍റെ ബാനറിൽ സരിഗമ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അനിലൻ നിർവ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് നരൻ ഈണം നല്‍കിയിരിക്കുന്നു. ഉദയഭാനു മഹേശ്വരന്‍റേതാണ് തിരക്കഥ. എഡിറ്റിംഗ് സുനിൽ ശ്രീനാഥൻ. നിർമ്മാണം വിക്രം മെഹ്റ, ബി ആർ വിജയലക്ഷ്മി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് ശിവൻ. പിആര്‍ഒ എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona