മമ്മൂട്ടിയെ നായകനാക്കി ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' എന്ന ചിത്രം തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
ഒരേ സിനിമയ്ക്ക് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യത്യസ്തമാവാറുണ്ട്. വ്യത്യസ്തമെന്ന് മാത്രമല്ല അത് പരസ്പരം വൈരുദ്ധ്യമുള്ളതും ആയിരിക്കും. തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങള്‍ ഒടിടിയില്‍ മോശം അഭിപ്രായം നേടുന്നതും തിരിച്ചും സംഭവിക്കുന്നത് സാധാരണമാണ്. ഇപ്പോഴിതാ അതിന് പുതിയ ഒരു ഉദാഹരണം കൂടി മലയാളത്തില്‍ നിന്ന് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രമാണ് ഒടിടിയില്‍ എത്തിയപ്പോള്‍ അഭിപ്രായം മാറ്റിയിരിക്കുന്നത്.
ഗൗതം വസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ഡൊമിനിക്കിന്‍റെ പ്രീ റിലീസ് യുഎസ്പി. മമ്മൂട്ടി തന്നെ നിര്‍മ്മിച്ച ചിത്രം ജനുവരി 23 നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷയ്ക്കൊത്തുള്ള വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. 11 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഈ മാസം 19 നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. സീ 5 ലൂടെ ആയിരുന്നു സ്ട്രീമിംഗ്. എന്നാല്‍ തിയറ്ററില്‍ ലഭിക്കാതിരുന്ന സ്വീകാര്യതയാണ് ചിത്രത്തിന് ഒടിടിയില്‍ ലഭിക്കുന്നത്. ചിത്രം ഇഷ്ടപ്പെട്ടുവെന്ന നിരവധി കമന്‍റുകള്‍ എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ആശയവും മമ്മൂട്ടിയുടെ കഥാപാത്രവുമൊക്കെ നന്നായിയെന്നും രചനയിലാണ് ചിത്രം പിന്നോട്ട് പോയതെന്നും അഭിപ്രായപ്പെടുന്ന പ്രേക്ഷകരുമുണ്ട്. എന്തായാലും തിയറ്ററില്‍ ലഭിച്ച പ്രതികരണങ്ങളില്‍ നിന്നൊക്കെ വേറിട്ടവയാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത്.
“സാധാരണ ഗൗതം മേനോന്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നിന്ന പടം. അവസാന 20 മിനിറ്റ് തൃപ്തികരമായിരുന്നു. പക്ഷെ അതിലേക്ക് എത്താനുള്ള യാത്ര മടുപ്പ് ആയിരുന്നു. ബ്ലോക്ക്ബസ്റ്റര്‍ മെറ്റീരിയല്‍ ആയിരുന്നു. എഴുത്ത് ആണ് പാളിയത്. ലൈറ്റ് കഥാപാത്രമായി മമ്മൂക്കയെ കണ്ടിട്ട് കുറേ ആയി”, തനീഷ് എന്നയാള്‍ എക്സില്‍ കുറിച്ചു. ചില്ലറ പ്രശ്നങ്ങളും ഇഴച്ചിലുള്ള നിമിഷങ്ങളും ഉണ്ടെങ്കിലും നന്നായി എന്‍ഗേജ് ചെയ്യിപ്പിച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ഡൊമിനിക് എന്ന് ലെവി അക്കര്‍മാന്‍ എന്ന എക്സ് ഐഡി പോസ്റ്റ് ചെയ്തിരിക്കുന്നു. അതേസമയം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം കാഴ്ചകള്‍ നേടിയിരിക്കുന്നത് ഡൊമിനിക് ആണെന്ന് സീ 5 ഉും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.



