മുംബൈ: ബോളിവുഡ് ആക്ഷന്‍ സംവിധായകന്‍ പര്‍വ്വേസ് ഖാന്‍ അന്തരിച്ചു. 55 വയസ്സായിരുന്നു. അന്ധാധുന്‍, ബദ്‌ലാപൂര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പെട്ടന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. 1986 മുതല്‍ ബോളിവുഡില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. 

നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ റുബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അദ്ദേഹത്തിന്റെ അസോസിയേറ്റായ നിഷാന്ത് ഖാന്‍ പറഞ്ഞു. ദേശീയ അവാര്‍ഡ് നേടിയ 2013 ലെ ചിതരം ഷാഹിദില്‍ പര്‍വ്വേസിനൊപ്പം പ്രവര്‍ത്തിച്ച സംവിധായകന്‍ ഹന്‍സല്‍ മേഹ്ത മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വളരെ കഴിവുള്ള വ്യക്തിയായിരുന്നു പര്‍വ്വേസ് എന്ന് അദ്ദേഹം ഓര്‍മ്മിച്ചു. 

ആക്ഷന്‍ സംവിധായകന്‍ അക്ബര്‍ ബക്ഷിക്കൊപ്പം സഹസംവിധായകനായാണ് പര്‍വ്വേസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അക്ഷയ് കുമാറിന്റെ ഖിലാഡി (1992), ഷാരൂഖ് ഖാന്റെ ബാസിഗര്‍ (1993), ബോബി ഡിയോളിന്റെ സോള്‍ജിയര്‍ (1998) എന്നീ ചിത്രങ്ങളില്‍ അക്ബര്‍ ബക്ഷിക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.