അജയ് ദേവ്‍ഗണിന്റെ 'മൈദാൻ' എന്ന ചിത്രത്തിന്റെ റിലീസില്‍ തീരുമാനമായി.

അജയ് ദേവ്‍ഗണിന്റെ 'മൈദാൻ' എന്ന ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് വൈകുകയായിരുന്നു. എന്തായാലും അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'മൈദാൻ' 2023 മെയ് 12നാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികള്‍ പുരോഗമിക്കുകയാണ് എന്നും റീലീസ് സമയത്ത് വലിയ പ്രമോഷണ്‍ സംഘടിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. തുഷാര്‍ കാന്തി റായ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക. ഇന്ത്യൻ ഫുട്‍ബോളിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ ആയിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 1951ലും 1992ലും ഇന്ത്യയെ ഏഷ്യൻ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ.

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ ചിത്രം 'ഭോലാ'യുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. തമിഴില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ 'കൈതി'യുടെ റീമേക്കാണ് 'ഭോലാ'. 'ഭോലാ' എന്ന ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത് അജയ് ദേവ്‍ഗണ്‍ തന്നെയാണ്. അമലാ പോളിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് 'ഭോലാ'.

'ദൃശ്യം 2'വാണ് അജയ് ദേവ്‍ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ തന്നെയായിരുന്നു നായകൻ.

Read More: രജനികാന്തിനൊപ്പം മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്, 'ജയിലറി'നായി കാത്ത് ആരാധകര്‍