നടി ആലീസ് ക്രിസ്റ്റി ഗോമസ് പങ്കുവെച്ച വീഡിയോയിലാണ് ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിനെ കുറിച്ചും പറയുന്നത്.
വളരെ കാലങ്ങളായി പ്രേക്ഷക മനസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും മേക് ഓവർ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി ആലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്. യുട്യൂബ് വ്ലോഗുമായും സജീവമാണ് താരം. ഭർത്താവ് സജിനും സജിന്റെ സഹോദരിയുമെല്ലാം അലീസിന്റെ വീഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചിതരാണ്. തങ്ങളുടെ ഒരു അവധി ദിവസം എങ്ങനെയെന്ന് കാണിക്കാൻ താരം പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ആലീസ് രാവിലെ എഴുന്നേറ്റ് ഷൂട്ടിനു റെഡിയായി ഭർത്താവ് സജിനെയും കൂടെ കൂട്ടിയാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ കളിചിരി തമാശകളോടെയാണ് ഇരുവരും വീഡിയോ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രഭാത ഭക്ഷണം തയാറാക്കുന്നതും കാപ്പി ഇടുന്നതുമെല്ലാം വീഡിയോയിൽ പറഞ്ഞാണ് ആലീസ് പോകുന്നത്. ഓരോ കാര്യങ്ങൾക്കും അങ്ങോട്ടുമിങ്ങോട്ടും ട്രോളുന്നതാണ് ഏറ്റവും രസം.
കൂടാതെ ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ തന്റെ പേര് വന്നതിനെ കുറിച്ചും ആലീസ് സൂചിപ്പിക്കുന്നുണ്ട്. അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല പിന്നീടാവാം എന്നാണ് രണ്ടാൾക്കും പറയാനുള്ളത്. ആലിസിനു ഷൂട്ടും സജിന് ഓഫീസും ഇല്ലാത്ത ദിവസങ്ങളിൽ ഇങ്ങനെയാണ് തങ്ങളെന്നാണ് വ്ളോഗിലൂടെ താരം പറഞ്ഞു വെക്കുന്നത്. വീഡിയോയ്ക്ക് പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെയാണ് ലഭിക്കുന്നത്. ഇങ്ങനെ തന്നെ സന്തോഷത്തോടെ കുടുംബം മുന്നോട്ട് പോവട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നത്.
പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ ഭർത്താവ്. മുമ്പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു.
Read More: കാര്‍ത്തിയെയും അമ്പരപ്പിക്കാൻ അജയ് ദേവ്‍ഗണ്‍, 'ഭോലാ'യുടെ ദൃശ്യങ്ങള്‍ പുറത്ത്
