കേരളത്തിലെ വിതരണക്കാരായ ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ് മലയാളം പതിപ്പ് ഒരു ദിവസം വൈകുന്നതില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.
തെന്നിന്ത്യ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രമാണ് 'പുഷ്പ'(Pushpa). അല്ലുവിന്റെ വില്ലനായി നടൻ ഫഹദ് ഫാസിൽ(Fahadh Faasil ) എത്തിയ ചിത്രം ഇന്ന് രാവിലെയോടെ പ്രേക്ഷകരിലേക്ക് എത്തി. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. അതേസമയം മിശ്ര അഭിപ്രായങ്ങളും വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നുണ്ട്. എന്നാൽ അല്ലു അര്‍ജുന്റെ എക്കാലത്തേയും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
അല്ലുവും ഫഹദും ഒന്നിച്ചെത്തുന്ന സീനിന് വേണ്ടിയായിരുന്നു പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നത്. ക്ലൈമാക്‌സിലാണ് ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇരുവരുടെയും പ്രകടനം മികച്ച് നിന്നുവെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. സിനിമയുടെ അവസാന ഭാഗത്തില്‍ മികച്ചു നിന്നത് ഫഹദും അല്ലുവും ഒരുമിച്ചുള്ള സീനാണെന്നും പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു.
ചിത്രത്തിലെ ആക്ഷന്‍ സീനുകളും, ഇന്റര്‍വെല്‍ സീനുമെല്ലാം മികച്ചു നിന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ രശ്മിക, സുനില്‍ എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സമാന്തയുടെ ഡാന്‍സ് നമ്പറും മികച്ചതാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
അതേസമയം, റിലീസ് ദിവസമായ ഇന്ന് കേരളത്തില്‍ മലയാളം പതിപ്പ് ഉണ്ടാവില്ലെന്ന വിവരം അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലെ 250ലേറെ തിയറ്ററുകളില്‍ തമിഴ് പതിപ്പ് ആണ് പ്രദര്‍ശിപ്പിച്ചത്. സമയക്കുറവിന്‍റേതായ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടിവന്നതുമൂലം സംഭവിച്ച ഒരു പിഴവില്‍ നിന്നാണ് ഈ സ്ഥിതി ഉണ്ടായതെന്ന് റസൂല്‍ പൂക്കുട്ടി ഇക്കാര്യത്തോട് പ്രതികരിച്ചത്.
"സമയത്തിന്‍റേതായ സമ്മര്‍ദ്ദം ഉണ്ടായിരുന്നതിനാല്‍ പ്രിന്‍റിന് അയക്കുന്നതിനു മുന്‍പ് മിക്സിന്‍റെ ക്വാളിറ്റി കണ്‍ട്രോള്‍ നടത്താന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയില്ല. സിസ്റ്റത്തിലെ ഒരു ബഗ് കാരണം അത് സിങ്ക് പ്രശ്‍നങ്ങളിലേക്കും മറ്റു ചില ഓഡിയോ പ്രശ്‍നങ്ങളിലേക്കും നയിച്ചു. അതിനാലാണ് മലയാളം പതിപ്പ് വൈകിയത്. പ്രശ്‍നം ഞങ്ങള്‍ പരിഹരിച്ചു. പ്രിന്‍റുകള്‍ വൈകാതെ എത്തും. മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ അവലംബിച്ചിരുന്നത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‍വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്‍റില്‍ പ്രശ്‍നം കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്‍റെയും രശ്‍മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്‍റ് നല്‍കരുതെന്ന് ഞാന്‍ കരുതി. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്", എന്നാണ് റസൂല്‍ പൂക്കുട്ടി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. കേരളത്തിലെ വിതരണക്കാരായ ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ് മലയാളം പതിപ്പ് ഒരു ദിവസം വൈകുന്നതില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.
