ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആണ് ശക്തിമാൻ സിനിമയെ കുറിച്ചുള്ള ചോദ്യം വന്നത്.
നമ്മളിൽ ഒരാളെ പോലെയായി, സുഹൃത്തുക്കളിൽ ഒരാളായി തോന്നുന്ന ചില സെലിബ്രിറ്റികൾ ഉണ്ട്. വളരെ അപൂർവമാണ് അത്തരക്കാർ. അത്തരത്തിലൊരാൾ ആണ് ബേസിൽ ജോസഫ്. ഷോർട് ഫിലിമുകളിലൂടെ വെള്ളിത്തിരയിൽ എത്തിയ ബേസിൽ ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത സംവിധായകനും നടനുമാണ്. സ്വാഭാവികമായ അഭിനയവും സംവിധാനവും ആണ് ബേസിനെ മറ്റ് നടന്മാരിൽ നിന്നും സംവിധായകരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. തഗ് ഡയലോഗുകൾ അടിക്കുന്നതിൽ വിരുതനാണ് ബേസിൽ എന്ന് ഇന്റർവ്യുകളിൽ നിന്നും വ്യക്തമാണ്.
അടുത്തിടെ ശക്തിമാൻ എന്ന സിനിമ സംവിധാനം ചെയ്യാൻ ബേസിൽ ഒരുങ്ങുന്നെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ഇല്ല. എന്നാൽ ഇതേ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബേസിൽ ഒഴിഞ്ഞു മാറലാണ് പതിവ്. അടുത്തിടെ ബേസിൽ ഹിന്ദിയിൽ സിനിമ ചെയ്യാൻ പോകുകയാണെന്നും എന്നാൽ ഹിന്ദി അറിയില്ലെന്നും തഗ് രീതിയിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബേസിൽ പറഞ്ഞ കാര്യമിപ്പോൾ വൈറൽ ആകുകയാണ്.
ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആണ് ശക്തിമാൻ സിനിമയെ കുറിച്ചുള്ള ചോദ്യം വന്നത്. ഇതിന് "ഞാൻ ബോളിവുഡിൽ പടം ചെയ്യാൻ പോകുന്നെന്ന് ആര് പറഞ്ഞു. ഞാൻ പറഞ്ഞിട്ടില്ല. ഹിന്ദി എനിക്ക് അറിയാം. സുഗമ ഹിന്ദി പരീക്ഷയക്ക് 100 ൽ 100 മാർക്ക് കിട്ടിയതാ. പഴയ പുലിയാണ് ഞാൻ. ഹിന്ദിയൊക്കെ അറിയാം. ഹിന്ദി സിനിമ കാണാൻ പോകുന്ന ആളാണ് ഞാൻ. ശക്തിമാൻ പണ്ട് ടിവിയിൽ കണ്ടിട്ടുണ്ട്. ഞാൻ ചെയ്യുന്നുണ്ടോന്ന് അറിയില്ല", എന്നാണ് ബേസിൽ പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
