Asianet News MalayalamAsianet News Malayalam

'ജെഎൻയുവിലെ ആക്രമണം എന്റെ ഉറക്കം കെടുത്തി, ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്'; അനിൽ കപൂർ

‘മലംഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിം​ഗിനിടെ സംസാരിക്കുകയായിരുന്നു അനിൽ കപൂർ. ബോളിവുഡിലെ നിരവധി താരങ്ങൾ ജെഎൻയു ആക്രമണത്തിനെതിരെ നേരത്തെ രം​ഗത്തെത്തിയിരുന്നു.
 

actor anil kapoor response for jnu attack
Author
Delhi, First Published Jan 6, 2020, 6:11 PM IST

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ (ജെഎന്‍യു) വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടൻ അനിൽ കപൂർ. ജെഎൻയുവിലെ ആക്രമണം തന്റെ ഉറക്കം കെടുത്തിയെന്നും സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും അനിൽ കപൂർ പറഞ്ഞു.

“സംഭവത്തിൽ അപലപിക്കേണ്ടതുണ്ട്. തികച്ചും സങ്കടകരവും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഞാൻ കണ്ടത്. അലോസരപ്പെടുത്തുന്നതാണ് ഈ സംഭവം, എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ച് ഞാൻ കഴിഞ്ഞ ദിവസം മുഴുവനും ഉറങ്ങിയിട്ടില്ല. ഇതിന് പിന്നിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഇത്തരം അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല- അനിൽ കപൂർ പറഞ്ഞു.

‘മലംഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിം​ഗിനിടെ സംസാരിക്കുകയായിരുന്നു അനിൽ കപൂർ. ബോളിവുഡിലെ നിരവധി താരങ്ങൾ ജെഎൻയു ആക്രമണത്തിനെതിരെ നേരത്തെ രം​ഗത്തെത്തിയിരുന്നു.

ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ക്യാമ്പസിനുള്ളിൽ അക്രമം നടന്നത്. മുഖംമൂടിയണിഞ്ഞ്, കയ്യിൽ ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി, ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു.

എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
 

Follow Us:
Download App:
  • android
  • ios