നടി ലക്ഷ്‍മി പ്രിയ ഭർത്താവ് ജയേഷ് തൃപ്പൂണിത്തുറ വനിതാ സെൽ എസ് ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.
നടി ലക്ഷ്‍മി പ്രിയയ്‍ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്‍ത് അൻസിബ. നടി ലക്ഷ്‍മി പ്രിയ ഭർത്താവ് ജയേഷ് തൃപ്പൂണിത്തുറ വനിതാ സെൽ എസ് ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.
അൻസിബയ്‍ക്ക് എതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയൽ ചെയ്യും: ലക്ഷ്‍മി പ്രിയ
നടി അൻസിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി നേരത്തെ ലക്ഷ്‍മി പ്രിയ രംഗത്ത് എത്തിയിരുന്നു. ഇത്ര വേഗത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എ സി പിക്ക് നന്ദി. അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താൻ. അൻസിബയുടെ പിന്നിൽ മത വർഗീയ വാദികൾ ഉണ്ട് എന്ന് സംശയം. തനിക്ക് എതിരെ അൻസിബ നൽകിയ പരാതിക്ക് പിന്നിൽ അജണ്ടയുണ്ട്. ജനുവരിയിൽ എല്ലാം അവസാനിച്ചതാണ്. അൻസിബക്കെതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയൽ ചെയ്യും എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു.
അൻസിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്
പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മാനസിക പീഡനത്തിന് ഇരയാക്കിയെന്ന അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തൃപ്പൂണിതുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐക്കെതിരെയും നടി ലക്ഷ്‍മി പ്രിയക്കെതിരെയും അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കൊച്ചി കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു
ഫോണിലേക്ക് അയച്ചൊരു സന്ദേശത്തിന്റെ പേരിൽ കുടുംബത്തിൽ വൻ പ്രശനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്‍മി പ്രിയ പൊലീസിനെ സമീപിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതിയിൽ തൃപൂണിത്തുറ പൊലീസ് മൂന്ന് മണികൂറോളം തന്നെ സ്റ്റേഷനിൽ പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചു എന്നും ഒടുവിൽ മാപ്പ് എഴുതി വാങ്ങിയാണ് വിട്ടയച്ചതെന്നുമായിരുന്നു അൻസിബയുടെ പരാതി. ജനുവരിയിൽ നടന്ന സംഭവത്തിൽ നാല് മാസത്തിനിപ്പുറം അമ്മയിൽ നിന്ന് രാജി വച്ച ശേഷമാണ് അൻസിബ പൊലീസിനെ സമീപിച്ചത്
തൃക്കാക്കാര എസിപി നേരിട്ട് അന്വേഷിച്ച സംഭവത്തിൽ ആദ്യം അൻസിബയെയും തുടർന്ന് ലക്ഷ്‍മി പ്രിയയെയും വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഒടുവിൽ എസിപി പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ വനിത എസ് ഐ രേഷ്‍മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുകയാണ് ചെയ്‍തത്. ഒരു മണിക്കൂർ മാത്രമാണ് അൻസിബ സ്റ്റേഷനിൽ ഉണ്ടായിരുന്നത്., എല്ലാത്തിനും തെളിവും ഓഡിയോ റെക്കോർഡും ഉണ്ട്. ഇതെല്ലാം മുൻ നിർത്തിയാണ് എസിപിയുടെ റിപ്പോർട്ട്.
ലക്ഷ്‍മി പ്രിയ അൻസിബക്കെതിരെ നൽകിയ പരാതിയും പൊലീസ് തള്ളിയിരുന്നു.
എന്നാല്‍ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയാക്കിയ കടവന്ത്ര പൊലീസ് മൊഴി പകർപ്പ് എസിപിക്ക് അയച്ചു കൊടുത്തു. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി.
