സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ഞായറാഴ്ച റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്

മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായ നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയവിവാഹമാണ്. സ്‍കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ് ഇരുവരും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, അങ്കമാലിയില്‍ വച്ചുതന്നെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ഞായറാഴ്ച റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. നേരത്തെ വധുവിന്‍റെ വീട്ടില്‍ വച്ച് നടന്ന ഹല്‍ദി ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസി'ലെ 'പെപ്പെ' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആന്‍റണി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ടിനു പാപ്പച്ചന്‍റെ 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍', ലിജോയുടെ 'ജല്ലിക്കട്ട്' എന്നിവയാണ് പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍. ടിനു പാപ്പച്ചന്‍റെ 'അജഗജാന്തരം', നിഖില്‍ പ്രേംരാജിന്‍റെ 'ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്' എന്നിവയാണ് ആന്‍റണി വര്‍ഗീസിന്‍റേതായി പുറത്തുവരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona