കത്ത് ശ്രദ്ധയിൽപ്പെട്ട ആന്റണി വർഗീസ് തന്റെ കുഞ്ഞാരാധികയ്ക്ക് മറുപടിയുമായി രംഗത്തെത്തി.
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയതാരമായ നടനാണ് ആന്റണി വർഗീസ്(Antony Varghese). അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയാണ് ആന്റണി സിനിമാസ്വാദകർക്ക് ഏറെ പ്രിയങ്കരനായത്. അങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പേ എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ആന്റണിയെ ആരാധകർ വിളിച്ചിരുന്നത് പെപ്പെ എന്ന പേരിലാണ്. ഇപ്പോഴിതാ ഒരു കുഞ്ഞാരാധിക അയച്ച കത്ത് പങ്കുവച്ചിരിക്കുകയാണ് ആന്റണി.
'അജഗജാന്തരം' കാണാൻ കൊല്ലം തിയറ്ററിൽ എത്തിയപ്പോൾ ആന്റണിയെ കണ്ടെന്നും എന്നാൽ തിരക്ക് കാരണം പരിചയപ്പെടാൻ സാധിച്ചില്ലെന്നുമാണ് കത്തിൽ നവമി എന്ന മൂന്നാം ക്ലാസ്സുകാരി പറയുന്നത്. കൂടാതെ പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന ആഗ്രഹവും നവമി പങ്കുവച്ചു.
നവമിയുടെ കത്ത്
ഡിയർ പെപ്പെ, ഞാൻ നവമി കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ അജഗജാന്തരം സിനിമ കാണാൻ പോയപ്പോൾ കൊല്ലം പാർത്ഥാ തിയേറ്ററിൽ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാൻ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിനകത്തെ ഉള്ളുളേരി എന്ന പാട്ടു അടിപൊളി. പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ് കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പെയെ കാണാനായി കൊണ്ടുപോകാമെന്ന് വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഞാൻ പെപ്പെയുടെ ഒരു കുഞ്ഞാരാധികയാണ്. ഞാൻ പെരുമൺ എൽ പി എസ് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാർക്ക് വളരെ ആഗ്രഹമാണ് പെപ്പെയെ കാണണമെന്ന്. ഒരുപാട് സ്നേഹത്തോടെ നവമി എസ് പിള്ള..
കത്ത് ശ്രദ്ധയിൽപ്പെട്ട ആന്റണി വർഗീസ് തന്റെ കുഞ്ഞാരാധികയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ''ഇനി കൊല്ലം വരുമ്പോൾ നമുക്ക് എന്തായാലും കാണാം നവമിക്കുട്ടി'' എന്നാണ് നവമിയുടെ കത്ത് പങ്കുവച്ച് ആന്റണി കുറിച്ചത്. അജഗജാന്തരമാണ് ആന്റണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
