ഇൻഡിഗോ 6E 6707 എന്ന വിമാനത്തിലായിരുന്നു ആന്റണി യാത്ര ചെയ്തത്.

ലയാളത്തിന്റെ പ്രിയ നടനാണ് ആന്റണി വർ​ഗീസ് എന്ന ആരാധകരുടെ പെപ്പെ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി സിനിമകൾ ആന്റണി മലയാളികൾക്ക് സമ്മാനിച്ചു കഴി‍ഞ്ഞു. നിലവിൽ ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിന്റെ പ്രവർത്തനങ്ങളിലാണ് താരം. ഈ സിനിമയുടെ ഷൂട്ടിം​ഗ് പൂർത്തിയാക്കി ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്ക് എത്തിയപ്പോഴുണ്ടായൊരു അനുഭവം പങ്കുവയ്ക്കുകയാണ് ആന്റണി വർ​ഗീസ്.

കാലാവസ്ഥ പ്രതികൂലമായതിനാൽ വിമാനം ലാന്റ് ചെയ്യാൻ സാധിച്ചില്ലെന്നും ആ പ്രതിസന്ധി ഘട്ടത്തിലും പതറാതെ നിന്ന വനിതാ പൈലറ്റിനും ക്രൂ മെമ്പേഴ്സും അതിശയിപ്പിച്ചുവെന്നും ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻഡിഗോ 6E 6707 എന്ന വിമാനത്തിലായിരുന്നു ആന്റണി യാത്ര ചെയ്തത്.

'ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അത്ഭുതം തോന്നുകയാണ്. ഐ ആം ഗെയിമിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. ഇൻഡിഗോ 6E 6707 വിമാനത്തിലായിരുന്നു യാത്ര. സാധാരണമായൊരു യാത്ര തികച്ചും വ്യത്യസ്തമായൊരു അനുഭവമായി മാറുക ആയിരുന്നു. വിമാനം കൊച്ചിയിലേക്ക് എത്തുന്നതിനിടെ കലാവസ്ഥ പ്രതികൂലമായി. ആദ്യത്തെ ലാൻഡിം​ഗ് ശ്രമം വനിത പൈലറ്റിന് ഉപേക്ഷിക്കേണ്ടിവന്നു. റൺവേയിൽ നിന്നും ഏതാനും അടി ഉയരെ ആയിരുന്നു വിമാനം. കൂടുതൽ പ്രയാസമേറിയത് ആയിരുന്നു രണ്ടാം ലാൻഡിം​ഗ് ശ്രമം. എന്നാൽ ലാൻഡ് ചെയ്യേണ്ടെന്ന് തീരുമാനിച്ച അവർ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി. രോമാഞ്ചം തോന്നിയ നിമിഷമായിരുന്നു അത്. ഏറെ സമ്മർദ്ദം നിറഞ്ഞ സമയത്ത് വളരെ പക്വതയോടെയും ശാന്തമായും തീരുമാനമെടുന്ന പൈലറ്റ് ഇന്ധനം നിറയ്ക്കാനായി കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ഈ പിരിമുറുക്കത്തിൽ യാത്രക്കാർ ഒരു നിമിഷം പരിഭ്രാന്തരായി. എന്നാൽ വിമാനത്തിലെ വനിതകളായ ക്രൂ മെമ്പേഴ്സ്, സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. പ്രചോദനമായിരുന്നു അത്. ഇന്ധനം നിറച്ച് ഞങ്ങൾ വീണ്ടും പറന്നുയർന്ന് കൊച്ചിയിൽ സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്തു. അപ്പോഴേക്കും ക്യാബിനിൽ കയ്യടികൾ മുഴങ്ങി. കോക്ക്പിറ്റിലെയും ക്യാബിനിലെയും അസാധാരണ വനിതകളോട്, കൃത്യതയും, പ്രൊഫഷണലിസവും നിറഞ്ഞ നിങ്ങളുടെ തീരുമാനങ്ങൾ ഭയാനകമായൊരു സാഹചര്യത്തെ നന്ദിയുടെ നിമിഷമാക്കി മാറ്റി. ഒരുപാട് നന്ദി',എന്നാണ് ആന്റണി വർഗീസ് പറഞ്ഞത്.

View post on Instagram

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്