സിനിമയുടെ പേര് മാറ്റണമെന്ന് റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടുവെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.

സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക. നല്ല സിനിമയാണെന്നും എന്നാല്‍ പേര് മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടുവെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായി രണ്ട് സിനിമകൾ ഇതിനു മുൻപ് പേര് മാറ്റിയെന്നും ജെഎസ്കെയുടെ പേരും മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. സിനിമയുടെ നിർമാതാക്കൾ ആശങ്കയിലാണെന്നും സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അഭുതമില്ലെന്നും അദ്ദേഹം പറയുന്നു. 

സിനിമയുടെ ട്രെയിലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തതാണ്. അത് ഒരു മാസത്തോളമായി തിയേറ്ററുകളിൽ കാണിക്കുന്നു. അതിനു ഒരു പ്രശനവും ഇല്ലേയെന്നും ഫെഫ്ക പ്രതിനിധകൾ ചോദിക്കുന്നു. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തും. നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു.

സെൻസർ ബോർഡ്(CBFC) പോലുള്ള സ്ഥാപനങ്ങൾ എഴുതപ്പെടാത്ത മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നുവെന്നാണ് രഞ്ജി പണിക്കർ പറഞ്ഞത്. ഇത് ഈ സിനിമയുടെ മാത്രം പ്രശ്നം അല്ല. സിനിമ ചെയ്യുന്ന പല സംവിധായകരും ആശങ്കയോടെ വിളിക്കുന്നുണ്ട്. സിനിമയുടെ സെൻസർഷിപ്പിൽ തന്നെ ഒരു പുനരാലോചന ആവശ്യമാണ്. ഫെഫ്കയുടെ മാർഗ നിർദേശങ്ങളും പരിശോധിക്കണം. ഇത് സിനിമയിൽ ഒതുങ്ങുന്നതല്ലെന്നും രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.

ജൂണ്‍ 27, ഇന്ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമയാണ് ജെഎസ്കെ. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്‍റെ പേരാണെന്നും ഇത് മാറ്റണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാട്. ഈ കാരണം വാക്കാൽ മാത്രമേ അണിയറപ്രവർത്തകരെ അറിയിച്ചിട്ടുള്ളു. ചിത്രത്തില്‍ 96 ഇടങ്ങളില്‍ സുരേഷ് ഗോപി മാത്രം ജാനകി എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ എങ്ങനെ മാറ്റാനാകുമെന്ന് നേരത്ത് ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചിരുന്നു. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്