സിനിമാ, നാടക മേഖലകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ആസിഫ് ബസ്രയെ (53) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ മക്‍ലിയോഡ്‍ഗഞ്ജിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണോ എന്ന് അന്വേഷിക്കാന്‍ ഹിമാചല്‍ പ്രദേശ് പൊലീസിലെ ഫോറന്‍സിക് വിഭാഗം സ്ഥലത്ത് എത്തിയിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രമായ മക്‍ലിയോഡ്‍ഗഞ്ജില്‍ ആസിഫ് ബസ്ര ഒരു കെട്ടിടവും സ്ഥലവും വാടകയ്ക്ക് എടുത്തിരുന്നു. ഇടയ്ക്കിടെ അദ്ദേഹം അവിടെ എത്താറുണ്ടായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

ബോളിവുഡ് ചിത്രങ്ങളായ ബ്ലാക്ക് ഫ്രൈഡേ, പര്‍സാനിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബസ്ര ആമസോണ്‍ പ്രൈമിന്‍റെ ക്രൈം ത്രില്ലര്‍ സിരീസ് ആയ പാതാള്‍ ലോകിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നാടകമേഖലയിലും അറിയപ്പെടുന്ന നടനായിരുന്നു. ഇന്ത്യയിലും പുറത്തുമായി ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു പ്രൊഡക്ഷനുകളുടെ ഭാഗമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ 1967ല്‍ ജനിച്ച അദ്ദേഹം 1989ലാണ് അഭിനേതാവാകാനായി മുംബൈയിലേക്ക് താമസം മാറ്റുന്നത്.