ഉടൻ ഒരു മേജർ ശസ്ത്രക്രിയ നടത്താനുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല

കൊച്ചി: രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാല. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ താരം ഫേസ് ബുക്കിൽ പങ്കുവച്ചു. ഉടൻ ഒരു മേജർ ശസ്ത്രക്രിയ നടത്താനുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞു. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബാലയുള്ളത്. . 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടേണ്ടിവരുന്ന ദുരനുഭവത്തെക്കുറിച്ച് ബാലയുടെ ഭാര്യ എലിസബത്ത് തുറന്നുപറഞ്ഞിരുന്നു. ചാറ്റ് ബോക്സിലൂടെ നേരത്തേമുതല്‍ ശല്യപ്പെടുത്തല്‍ നേരിടുന്നുണ്ടെന്നും ബാല ആശുപത്രിയില്‍ ആയതിനു ശേഷവും ഐ ലവ് യൂ പറഞ്ഞുകൊണ്ട് വരുന്നവരുണ്ടെന്നും എലിസബത്ത് പറയുന്നു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു എലിസബത്തിന്‍റെ പ്രതികരണം. 

'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായും ബാല അരങ്ങേറ്റം കുറിച്ചു. 

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

'ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്', പ്രതികരണവുമായി നടൻ റിയാസ് ഖാൻ