'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ ദേവ് മോഹന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയില്‍ വച്ചായിരുന്നു വിവാഹം. കുടുംബത്തില്‍ ഒരു മരണം സംഭവിച്ചതിനാല്‍ ലളിതമായി നടത്തുകയായിരുന്നു വിവാഹം. ദിവസങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തെക്കുറിച്ച് സൂചന നല്‍കുന്ന ഒരു പോസ്റ്റ്, റജീനയ്ക്കൊപ്പമുള്ള ചിത്രമടക്കം ദേവ് പങ്കുവച്ചത്.

ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ് റജീന. പത്ത് വര്‍ഷമായി ഇരുവരും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെയായിരുന്നു വിവാഹം.  റജീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദേവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ..

"നീയാണ് എന്‍റെ ആത്മാവിലേക്ക് വെളിച്ചം കൊണ്ടുവന്നത്. അല്ല, അതൊരു നാടോടിക്കഥ പോലെയേ ആയിരുന്നില്ല. മറിച്ച് ഒരു പതിറ്റാണ്ടുകൊണ്ട് ബലംവച്ചതാണ്. എന്‍റെ ഉയര്‍ച്ചകളിലും വീഴ്ചകളിലും നീ എനിക്കൊപ്പം നിന്നു. ഞാനെന്‍റെ ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ ക്ഷമയോടെ എനിക്ക് കരുത്തേകി. എന്‍റെ ജീവിതത്തെ നിര്‍വ്വചിച്ച എല്ലാ നിമിഷങ്ങളിലും നീ അവിടെയുണ്ടായി. അതിനാല്‍ നിന്നോട് ചേര്‍ന്നു നില്‍ക്കാന്‍ എന്നെ അനുവദിക്കുക. നിന്‍റെ സന്തോഷങ്ങളില്‍ ആനന്ദിക്കാന്‍, ജീവിതം ഒരുമിച്ച് ആഘോഷിക്കാന്‍". ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റിനു താഴെ 'സൂഫി'യില്‍ ദേവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അദിതി റാവു ഹൈദരിയും ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസും അടക്കമുള്ളവര്‍ ആശംസകളുമായി എത്തി.