മെയ് 9ന് ആയിരുന്നു പ്രിൻസ് ആൻഡ് ഫാമിലി തിയറ്ററുകളിൽ എത്തിയത്.
ഒരു വർഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. നടന്റെ കരിയറിലെ 150-ാം ചിത്രമെന്ന ലേബലിൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ ആയിരുന്നു. ഫുൾ ഓൺ കോമഡി- ഫാമിലി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇന്നിതാ തിയറ്ററിൽ നിന്നും ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി.
മെയ് 9ന് ആയിരുന്നു പ്രിൻസ് ആൻഡ് ഫാമിലി തിയറ്ററുകളിൽ എത്തിയത്. കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് 43-ാം ദിവസമാണ് ദിലീപ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. സീ ഫൈവിലൂടെ പ്രേക്ഷകർക്ക് സിനിമ ഇപ്പോൾ ആസ്വദിക്കാനാകും. റിപ്പോർട്ടുകൾ പ്രകാരം 25 കോടിയോളമാണ് പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
തികച്ചും ഫാമിലി എന്റർടെയ്നറായി എത്തിയ പ്രിൻസ് ആൻഡ് ഫാമിലി, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ ആണ് നിർമിച്ചത്. ദിലീപും ലിസ്റ്റിനും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി വൻതാര നിര സിനിമയിൽ അണിനിരന്നിരുന്നു.
അതേസമയം, ഭഭബ ആണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഭയം ഭക്തി ബഹുമാനം എന്ന് പൂർണ പേരുള്ള ചിത്രത്തിൽ കാമിയോ റോളിൽ മോഹൻലാൽ എത്തുമെന്ന് വിവരമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രധാന അപ്ഡേറ്റ് ജൂലൈ 4ന് മലയാളികൾക്ക് മുന്നിലെത്തും.



