മുംബൈ: ബോളിവുഡ് മുന്‍കാല നടന്‍ ദിലീപ് കുമാറിന്റെ സഹോദരന്‍ അസ്ലം ഖാന്‍ കൊവിഡ് ബാധിച്ച് മരിച്ചു. 88 വയസ്സായിരുന്നു. ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊവിജ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. അസ്ലം ഖാന്റെ മരണം ദിലീപ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലീലാവതി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. 

കൊവിഡ് ബാധിച്ചാണ് അസ്ലം ഖാന്‍ മരിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. ജലീല്‍ പാര്‍ക്കര്‍ പിടിഐയോട് പറഞ്ഞു. അദ്ദേഹത്തിന് ന്യൂമോണിയയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.

ശ്വാസതടസ്സം മൂലം ഓഗസ്റ്റ് 15നാണ് അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുനടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ദിലീപ് കുമാറിന്റെ മറ്റൊരു സഹോദരന്‍ ഇഹ്‌സാന്‍ ഖാനും(90) കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.