ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്. 

കാലമെത്ര കഴിഞ്ഞാലും ചില സിനിമകൾ പ്രേക്ഷക മനസിൽ അങ്ങനെ കിടക്കും. അവയിലെ കഥാപാത്രങ്ങളും കഥയും എന്നുവേണ്ട സംഭാഷണങ്ങൾ വരെ അവർക്ക് മനഃപാഠമായിരിക്കും. ഇങ്ങനെ ഉള്ള സിനിമകൾ ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ ആവർത്തിച്ച് ആവർത്തിച്ച് മടുപ്പ് കൂടാതെ പ്രേക്ഷകർ കാണുകയും ചെയ്യും. അത്തരത്തിലൊരു സിനിമയാണ് മീശമാധവൻ. 23 വർഷങ്ങൾക്ക് മുൻപ് തിയറ്ററുകളിൽ എത്തി ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്. 

കള്ളൻ മാധവനായി ദിലീപ് നിറഞ്ഞാടിയ സിനിമയിൽ ജ്യോതിർമയി, കാവ്യാമാധവൻ, ഇന്ദ്രജിത്ത്, ജ​ഗതി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, സുകുമാരി തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു. സിനിമ റിലീസ് ചെയ്ത ഇരുപത്തി മൂന്ന് വർഷങ്ങൾക്കിപ്പുറം മീശമാധവൻ വീണ്ടും തിയറ്ററിലേക്ക് എത്തിയേക്കും എന്ന സൂചന നൽകുകയാണ് നിർമാതാക്കളിൽ ഒരാളായ സുധീഷ്.

"മീശമാധവൻ ഫോർ കെ റി റിലീസിന് ഞങ്ങൾ ആലോചിക്കുന്നുണ്ട്. 2027ൽ സിനിമയുടെ 25-ാം വാർഷികമാണ്. പ്ലാൻ ചെയ്യുന്നുണ്ട്. ഞാനും സുഹൃത്ത് സുബൈറും ചേർന്നായിരുന്നു നിർമ്മാണം. കാര്യമായിട്ട് തന്നെ റി റിലീസിനെ പറ്റി ആലോചിക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ എല്ലാം നടത്തിയെടുക്കാം", എന്നായിരുന്നു സുധീഷ് പറഞ്ഞത്. ആഘോഷം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു നിർമാതാവിന്റെ പ്രതികരണം. 

മീശമാധവൻ ഉടൻ റി റിലീസ് ചെയ്യുമോ അതോ ഇരുപത്തി അഞ്ചാം വാർഷികത്തിൽ തിയറ്ററുകളിലേക്ക് എത്തിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. രഞ്ജൻ പ്രമോദ് രചന നിർവഹിച്ച ചിത്രമാണ് മീശമാധവൻ. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ തമിഴിലും(മീസൈ മാധവൻ) ദൊൻഗഡു എന്ന പേരിൽ തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..