നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്‍ത വനിത എന്ന ബഹുമതിക്ക് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച കലാകാരിയാണ് വിജയ നിര്‍മ്മല.  47 ചിത്രങ്ങളാണ് വിജയ നിര്‍മ്മല സംവിധാനം ചെയ്‍തത്. ബാലനടിയായി പതിനൊന്നാം വയസ്സില്‍ പാണ്ടുരംഗ മഹാത്മ്യം ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി.

ഭാര്‍ഗ്ഗവിനിലയത്തിലൂടെ മലയാളത്തിലുമെത്തി. 1973ല്‍ ഐ വി ശശിയുടെയും ആനന്ദിന്റെയും നിര്‍മ്മാണത്തില്‍ കവിത എന്ന മലയാളം സിനിമയും സംവിധാനം ചെയ്‍തു. തെലുങ്കില്‍ 40 ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. വിജയ കൃഷ്‍ണ മൂവിസ് എന്ന സ്വന്തം ബാനറില്‍ 15 സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. അന്വേഷിച്ചു കണ്ടെത്തിയില്ല, റോസി, നിശാഗന്ധി തുടങ്ങിയവയാണ് വിജയ കുമാരി അഭിനയിച്ച മലയാള ചിത്രങ്ങള്‍.

തെലുങ്ക് സിനിമ മേഖലയ്‍ക്ക് നല്‍കിയ സേവനത്തിന് രഘുപതി വെങ്കയ്യ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.