സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. 

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്. ഇപ്പോഴിതാ സൂര്യയുടെ ചിത്രത്തിലെ നായികയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

ബോളിവുഡ് താരം ദിഷാ പതാനിയാണ് ചിത്രത്തിലെ നായികയാകുക എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് ഒരു പീരീഡ് ഡ്രാമ ആയിരിക്കും എന്ന വിവരങ്ങളും പുറത്തുവരുന്നു. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്.

കെ ഇ ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിലാണ് നിര്‍മാണം. യുവി ക്രിയേഷൻസിന്റെ സഹകരണത്തോടെയാണ് നിര്‍മാണം. സിരുത്തൈ ശിവ- സൂര്യ ചിത്രത്തിന്റെ വിവരങ്ങള്‍ വൈകാതെ ഔദ്യോഗികമായി പുറത്തുവിടും.

അടുത്തകാലത്തായി തമിഴകത്ത് നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്തിയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസുകളായി എത്തിയ 'സൂരറൈ പോട്ര്', 'ജയ് ഭീം' എന്നിവ വന്‍ അഭിപ്രായമാണ് സൂര്യക്ക് നേടിക്കൊടുത്തത്. 'സൂരറൈ പോട്രിലെ' അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യ സ്വന്തമാക്കി. പിന്നാലെയെത്തിയ തിയറ്റര്‍ റിലീസ് 'എതര്‍ക്കും തുനിന്തവന്‍' വന്‍ വിജയമായില്ലെങ്കിലും പരാജയമായില്ല. കമല്‍ഹാസൻ നായകനായ ചിത്രത്തിലെ അതിഥി കഥാപാത്രവും സൂര്യക്ക് വലിയ പേര് നേടിക്കൊടുത്തു. ലോകേഷ് കനകരാജിന്‍റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രത്തിലെ 'റോളക്സ്' സൂര്യയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറി. സൂര്യ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങള്‍ ഒരുങ്ങുന്നുമുണ്ട്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസല്‍' ആണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ബാലയുടെ 'വണങ്കാന്‍' എന്ന ചിത്രവും സൂര്യയുടേതായിട്ടുണ്ട്. 'സൂരറൈ പോട്രി'നു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ നായകനാകും.


Read More : 'സീതാ രാമം' വൻ ഹിറ്റ്, ദുല്‍ഖര്‍ ചിത്രത്തിന്റെ ഹിന്ദി റിലീസ് പ്രഖ്യാപിച്ചു