2023 ഓ​ഗസ്റ്റിൽ ആണ് ചിത്രം റിലീസ് ചെയ്തത്. 

ലയാളത്തിന്റെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച സിനിമകളാണ് അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും തിളങ്ങിയ ദുൽഖർ ഇന്ന് പാൻ ഇന്ത്യ താരമായി ഉയർന്ന് നിൽക്കുകയാണ്. ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം കിം​ഗ് ഓഫ് കൊത്തയാണ്. ഈ ചിത്രത്തിലെ ദുൽഖർ ചില റെക്കോർഡുകൾ ഇട്ടിരുന്നു. സിനിമ റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടെങ്കിലും ആ റെക്കോർഡ് തകർക്കാൻ ഇതുവരെ ഒരു സിനിമയ്ക്കും സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതും മികച്ച ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി മുന്നേറുന്ന മോളിവുഡിന്റെ സുവർണ കാലഘട്ടത്തിലും. 

മോഷൻ പോസ്റ്റർ, ഒഫീഷ്യൽ ടീസർ, ട്രെയിലർ എന്നിവയിലാണ് കിം​ഗ് ഓഫ് കൊത്ത റെക്കോർഡ് ഇട്ടിരിക്കുന്നത്. റിലീസ് ചെയ്ത ഇരുപത്തി നാല് മണിക്കൂറിൽ 8 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ കിം​ഗ് ഓഫ് കൊത്തയ്ക്ക് സാധിച്ചു. 9 മില്യൺ വ്യൂസ് ആണ് ടീസറിന് ലഭിച്ചത്. 12.5 മില്യൺ ആണ് ഇരുപത്തി നാല് മണിക്കൂറിനിടെ ട്രെയിൽ സ്വന്തമാക്കിയത്. ഈ റെക്കോർഡുകൾ മറികടക്കാൻ ഇതുവരെ റിലീസ് ചെയ്ത മറ്റൊരു സിനിമയ്ക്കും സാധിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഏത് സിനിമയാകും? ഏത് താരമാകും ഈ റെക്കോർഡുകൾ മറികടക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് മലയാള സിനിമാസ്വാദകരും. 

2023 ഓ​ഗസ്റ്റിൽ ആണ് കിം​ഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. വൻ ഹൈപ്പിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയുടെ മകൻ അഭിലാഷ് ആയിരുന്നു. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും കിം​ഗ് ഓഫ് കൊത്തയ്ക്ക് ഉണ്ട്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. വൻ ഹൈപ്പിലാണ് റിലീസ് ചെയ്തത് എങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷക ഭാ​ഗത്തു നിന്നും ലഭിച്ചിരുന്നത്.