ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വയംവര സിൽക്സിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ ദുൽഖർ എത്തിയിരുന്നു.

ലയാളികളുടെ പ്രിയ താരമാണ് നടൻ ദുൽഖർ സൽമാൻ. സെക്കഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ദുൽഖർ, പാൻ ഇന്ത്യൻ താരമായി ഉയർന്നത് വളരെ പെട്ടെന്നായിരുന്നു. കേരളത്തിന് പുറത്തും ബോളിവുഡിലും ഉൾപ്പടെ നിരവധി ആരാധക വൃന്ദത്തെ ദുൽഖർ സ്വന്തമാക്കി. മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ ഇല്ലാതെ സ്വപ്രയത്നം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ ദുൽഖറിനെ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് ഏവരും വിളിച്ചു. അഭിനേതാവെന്നതിന് പുറമെ താനൊരു ഗായകനാണെന്നും ദുൽഖർ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ദുൽഖർ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

കൊണ്ടോട്ടിയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതാണ് ദുൽഖറിന്റെ പോസ്റ്റ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വയംവര സിൽക്സിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ ദുൽഖർ എത്തിയിരുന്നു. ചൂടിനെ വകവയ്ക്കാതെ നിരവധി പേരാണ് പ്രിയ താരത്തെ കാണാനായി ഒഴുകി എത്തിയത്. കൊണ്ടോട്ടി ന​ഗരം മുഴുവൻ ജനസാ​ഗരം ആയതിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ആരാധകർക്ക് നന്ദി അറിയിച്ച് ദുൽഖർ രം​ഗത്തെത്തിയത്. 

"കൊണ്ടോട്ടിയിലെ ജനങ്ങൾക്ക് സ്നേഹത്തിന്റെ അപാരമായ ഒഴുക്കിന് നന്ദി. നിങ്ങൾ ചൂടിനെ ധൈര്യത്തോടെ നേരിട്ടു. എന്നോടൊപ്പം പാടുകയും നൃത്തം ചെയ്യുകയും ചെയ്തു, എന്റെ ഹൃദയം നിറഞ്ഞു. നിങ്ങളാണ് യഥാർത്ഥ സൂപ്പർ താരങ്ങളും ധീരഹൃദയരും !!. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയതിന് പൊലീസ് സേനയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രത്യേക നന്ദി", എന്നാണ് ദുൽഖർ കുറിച്ചത്. 

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

വിമർശനങ്ങളെ സൈഡാക്കി റോബിൻ; ശ്രീലങ്കയിലേക്ക് പറന്ന് ബി​ഗ് ബോസ് താരം