മങ്ങാട്ടച്ഛനെ ഇഷ്ടമായെന്ന് പറഞ്ഞ മമ്മൂട്ടിയെ കുറിച്ച് ഹരീഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ബി​ഗ് ബജറ്റ് ചിത്രമാണ് മരക്കാർ(marakkar). വൻ താരനിര അണിനിരന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തില്‍ 'മങ്ങാട്ടച്ഛന്‍' എന്ന കഥാപാത്രം അവതരിപ്പിച്ചത് നടന്‍ ഹരീഷ് പേരടിയാണ്(Hareesh Peradi). മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭ​ഗത്തു നിന്നും ഈ കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ മങ്ങാട്ടച്ഛനെ ഇഷ്ടമായെന്ന് പറഞ്ഞ മമ്മൂട്ടിയെ കുറിച്ച് ഹരീഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

ഹരീഷ് പേരടിയുടെ വാക്കുകൾ

ഇന്ന് അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ എനിക്ക് ഒരു ദേശീയ അവാർഡ് കിട്ടി...ഈ മഹാനടന് മങ്ങാട്ടച്ഛനെ വല്ലാതെ ഇഷ്ടമായി എന്ന നല്ല വാക്കുകൾ ...മമ്മുക്കയെ പോലെ ഒരാൾ നേരിട്ട് പറയുന്നതിലും അപ്പുറം എനിക്ക് എന്താണ് കിട്ടാനുള്ളത്..സന്തോഷം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞെങ്കിലും നാട്ടുകാര് കേൾക്കേ ആ സന്തോഷവും നന്ദിയും പറയാതെ എനിക്ക് ഉറക്കം കിട്ടില്ല...അതുകൊണ്ടാ..മമ്മുക്കാ ഉമ്മ.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.