ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസ് സമ്മതിക്കണമെന്നും ഹരിശ്രീ അശോകന്‍.

ഭൂതകാലം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഭ്രമയു​ഗം'. മമ്മൂട്ടി എന്ന നടനിലെ മറ്റൊരു ​ഗംഭീര പ്രകടനത്തിന് സാക്ഷ്യം വഹിച്ച ചിത്രം, അർജുൻ അശോകന്റെ കരിയർ ബ്രേക്ക് ചിത്രമാകുമെന്നാണ് പറയപ്പെടുന്നത്. ഈ അവസരത്തിൽ മകന്റെ അഭിനയം കണ്ട് അത്ഭുതം തോന്നിയെന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസിനെ സമ്മതിക്കണമെന്നും അദ്ദേഹം പറയുന്നു. 

ഭ്രമയു​ഗം കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഹരിശ്രീ അശോകൻ. ഭ്രമയു​ഗം അർജുന്റെ കരിയർ ബ്രേക്ക് ആകുമോ എന്ന ചോദ്യത്തിന്, "തീർച്ചയായിട്ടും. മമ്മൂക്കയ്ക്ക് ഒപ്പം അവന് നിൽക്കാൻ പറ്റില്ല(മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് നിന്നഭിനയിച്ചു എന്ന് പറഞ്ഞപ്പോള്‍). എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മൂന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഇത്രയും ​ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ​ഗംഭീരമായി ചെയ്തിട്ടുണ്ട്. അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ​ഗംഭീരമായിട്ട് ചെയ്തതിൽ. എനിക്ക് തന്നെ അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായിട്ട് ചെയ്തു. ഇങ്ങനെ ഒരു സബ്ജക്ടിന് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഉണ്ടായത്. സമ്മതിക്കണം മമ്മൂക്കയെ. അദ്ദേഹം ഇപ്പോൾ ഭയങ്കര വെറൈറ്റിയല്ലേ ചെയ്യുന്നത്. ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം. അതാണ് യഥാർത്ഥ ആർട്ടിസ്റ്റ്", എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്. 

'ഭ്രമയു​ഗ'ത്തിലും ഞെട്ടിച്ച് മമ്മൂട്ടി; വാപ്പയെ ചുംബനങ്ങള്‍ കൊണ്ടുമൂടി ദുല്‍ഖര്‍, 'രാക്ഷസനടികർ' എന്ന് ആരാധകർ

അതേസമയം, ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ചിത്രീകരണം നടക്കുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍-കോമഡി വിഭാഗത്തിലുള്ളതാണ് ചിത്രം. ബസൂക്ക എന്നൊരു ചിത്രവും ഒരുങ്ങുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..