Asianet News MalayalamAsianet News Malayalam

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം

Actor Irfan Khan dies
Author
Mumbai, First Published Apr 29, 2020, 12:11 PM IST

മുംബൈ :പ്രശസ്‍ത ബോളിവുഡ് അഭിനേതാവ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. വന്‍ കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മരണം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംവിധായകന്‍ ഷൂജിത് സര്‍ക്കാരാണ് ഇര്‍ഫാന്‍ ഖാന്‍റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനാരോഗ്യത്തിന്‍റെ പിടിയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. 2018ലാണ് അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുകെയിലായിരുന്നു ചികിത്സ. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ചിത്രം 'അംഗ്രേസി മീഡിയം' അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പായിരുന്നു റിലീസ്. തുടര്‍ന്ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലും നിര്‍മ്മാതാക്കള്‍ ചിത്രം റിലീസ് ചെയ്‍തു. 'അംഗ്രേസി മീഡിയം' ഒഴിച്ചുനിര്‍ത്തിയാല്‍ അനാരോഗ്യം കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിനിമാലോകത്തുനിന്നും അകന്നുനില്‍ക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഈ ചിത്രത്തിനു ശേഷം പുതിയ സിനിമകളുടെയൊന്നും കരാറില്‍ ഒപ്പിട്ടിട്ടുമില്ല അദ്ദേഹം. ഭാര്യ സുതപ സിക്ദറിനും മക്കള്‍ ബാബിലിനും അയനുമൊപ്പം മുംബൈയിലായിരുന്നു താമസം.

ഏതാനും ദിവസം മുന്‍പാണ് ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ആയിരുന്ന ഇര്‍ഫാന് മാതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജയ്‍പൂരില്‍ എത്താനായിരുന്നില്ല.

മീര നായരുടെ 'സലാം ബോംബെ'യിലൂടെ 1988ലാണ് ഇര്‍ഫാന്‍ ഖാന്‍റെ സിനിമാ പ്രവേശം. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ ബോളിവുഡ് സിനിമകള്‍ കൂടാതെ ചില ബ്രിട്ടീഷ് പ്രൊഡക്ഷനുകളിലും ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. പാന്‍ സിംഗ് തോമര്‍, ദി ലഞ്ച് ബോക്സ്, ഹൈദര്‍, പികു, ഹിന്ദി മീഡിയം, സ്ലംഡോഗ് മില്യണയര്‍, ജുറാസിക് വേള്‍ഡ്, ദി അമേസിംഗ് സ്പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ എന്നിവയാണ് കരിയറിലെ പ്രധാന സിനിമകള്‍. 'പാന്‍ സിംഗ് തോമറി'ലെ അഭിനയത്തിന് 2013ല്‍ ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം അഭിനയജീവിതത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ തേടിയെത്തി. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Follow Us:
Download App:
  • android
  • ios