Asianet News MalayalamAsianet News Malayalam

'ആ ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയില്ല': 'പൊന്നിയിൻ സെൽവൻ' അനുഭവത്തെ കുറിച്ച് ജയറാം

'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തും.

actor jayaram funny talk for Ponniyin Selvan director Mani Ratnam
Author
Chennai, First Published Aug 1, 2022, 10:23 AM IST

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'(Ponniyin Selvan). ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം (Mani Ratnam) അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളിലാണ് പുറത്തെത്തുക. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ  ജയറാമും(Jayaram) അഭിനയിക്കുന്നുണ്ട്. ആഴ്‌വാര്‍ക്കടിയന്‍ നമ്പി നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മണിരത്നവുമായുള്ള അഭിനായനുഭവം പങ്കുവയ്ക്കുകയാണ് ജയറാം. 

ഒരു വിഷയത്തിൽ പൂർണ്ണ ഫലം ലഭിക്കുന്നത് വരെ മണിരത്നം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജയറാം പറയുന്നു. സിനിമയുടെ പുതിയ ഗാനത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുക ആയിരുന്നു നടൻ. ചിത്രത്തിന് വേണ്ടി വലിയ വയറ് തനിക്ക് വേണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടുവെന്നും  പിന്നീട് ചിത്രീകരണ സമയത്ത് അദ്ദേഹം തന്റെ മുഖത്ത് നോക്കില്ലായിരുന്നു എന്നും ജയറാം പറയുന്നു. 

ജയറാമിന്റെ വാക്കുകൾ

മണിരത്നം സർ ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതിൽ തന്നെയായിരിക്കും. അദ്ദേഹം എന്നെ നമ്പി എന്ന കഥാപാത്രം ചെയ്യുന്ന കാര്യം പറയുന്നതിനായി ഓഫീസിൽ വിളിച്ച് വരുത്തിയപ്പോൾ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ജയറാം ഇപ്പോൾ മെലിഞ്ഞിരിക്കുകയാണ്, നാല് മാസമുണ്ട് ഷൂട്ടിങ്ങിന്. അതിന് മുൻപ് ശരിയാക്കണം എന്ന് പറഞ്ഞു. ഞാൻ അതിനായി ഏറെ കഷ്ടപ്പെട്ടു. ഒന്നര വർഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്നു വയറിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാൻ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്‌നം. സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാർത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു. എന്നാൽ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാർ നൽകുമായിരുന്നു. എന്തെന്നാൽ എനിക്ക് വയർ വേണം, അവർക്ക് വയർ ഉണ്ടാകാൻ പാടില്ല. 

കഴിഞ്ഞ ദിവസമാണ് പൊന്നിയിൻ സെൽവന്റെ ആദ്യ ലിറിക് വീഡിയോ പുറത്തുവന്നത്. നടൻ കാർത്തി അവതരിപ്പിക്കുന്ന വന്തിയദേവൻ എന്ന കഥാപാത്രമാണ് വീഡിയോയിൽ ഉള്ളത്. എ ആർ റഹ്മാൻ ആണ് സം​ഗീത സംവിധായകൻ. എ.ആർ.റഹ്മാൻ, എ.ആർ.റൈഹാന, ബംബ ബക്യ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റേതാണ് വരികൾ. പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

'ഒരുപാട് ആ​ഗ്രഹിച്ച വേഷം'; 'ആഴ്വാര്‍ക്കടിയന്‍ നമ്പി'യെക്കുറിച്ച് ജയറാം

'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Follow Us:
Download App:
  • android
  • ios