മലയാളം സിനിമ--സീരിയല്‍--ഗെയിം ഷോ തുടങ്ങിയ രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് ജിഷിന്‍ മോഹന്‍. നിലവില്‍ നിരവധി സീരിയലുകളില്‍ താരമായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ജിഷിന്‍. ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങുമ്‌പോഴും താനടക്കമുള്ള നിരവധി കലാകാരന്‍മാര്‍ നില്‍ക്കുന്ന സീരിയല്‍ മേഖലയെ തള്ളിപ്പറയുന്നവരോട് അദ്ദേഹത്തിന് ചിലത് പറയാനുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച കുറിപ്പിലാണ് ജിഷിന്‍ മനസുതുറന്നത്. ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നവര്‍ മാത്രമല്ല ക്യാമറയ്ക്ക് പിറകില്‍ അധ്വാനിക്കുന്നവരെ കുറിച്ചും നമ്മള്‍ അറിയണമെന്ന് ജിഷിന്‍ പറയുന്നു.

'ഇവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ് ഓരോ സീരിയലും, സിനിമയും. സീരിയല്‍ നിര്‍ത്തണം എന്ന് മുറവിളി കൂട്ടുന്നവര്‍ അറിയുക ഞങ്ങളുടെ മാത്രമല്ല, ഇത്തരത്തില്‍ 45ലധികം വരുന്നവരുടെ ഉപജീവനം കൂടിയാണ് സീരിയല്‍.'

ഞാന്‍ ഇവരുടെയെല്ലാം തൊഴിലിനെ ബഹുമാനിക്കുന്നുവെന്നും ജിഷിന്‍ കുറിക്കുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിന് നിരവധി പേര്‍ പിന്തുണയറിയിക്കുന്നുണ്ട്. അതേസമയം തന്നെ സീരിയലുകള്‍ റിയലസ്റ്റിക് ആകണമെന്നും വസ്ത്രാലങ്കാരങ്ങളിലും മറ്റും തന്മയത്തം വേണമെന്നും ചിലര്‍ കമന്റില്‍ പറയുന്നു.

കുറിപ്പിങ്ങനെ...

ക്യാമറക്കു മുന്നിൽ മാത്രമല്ല, ക്യാമറക്കു പുറകിൽ പ്രവർത്തിക്കുന്ന ഇവരുടെയും കൂടെ അധ്വാനത്തിന്റെ ഫലമാണ് ഓരോ സീരിയലും, സിനിമയും. സീരിയൽ നിർത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ഒരു വാക്ക്. നമ്മുടെ മാത്രമല്ല, ഇതുപോലുള്ള നാല്പത്തിഅഞ്ചോളം പേരുടെ വരുമാന മാർഗ്ഗം കൂടിയാണ് ഓരോ സീരിയലും. I respect them. Respect their work. 🙂 From the location പൂക്കാലം വരവായി