അമ്മയുടെ എച്ചില്‍ പാത്രം കഴുകിയിട്ടുണ്ടോ ? ഞാന്‍ കഴുകിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജിഷിന്‍ പറയുന്നു.
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ(Jishin Mohan). വില്ലനായാണ് പരമ്പരകളിൽ താരം എത്തുന്നതെങ്കിലും ആരാധകർക്ക് ഏറെ പ്രിയങ്കരനാണ് ജിഷിൻ. നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന പരമ്പരയിൽ അഭിനയിക്കുമ്പോഴുള്ള പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുക ആയിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. ജിഷിന്റെ പോസ്റ്റുകളും അവയ്ക്ക് നൽകുന്ന ക്യാപഷനുകളും പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ നടൻ പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ഭക്ഷണം കഴിച്ചിട്ട് പാത്രം കഴുകി വയ്ക്കുന്നതിനെ കുറിച്ചാണ് ജിഷിൻ വീഡിയോയിൽ പറയുന്നത്. അമ്മയുടെ എച്ചില്‍ പാത്രം കഴുകിയിട്ടുണ്ടോ ? ഞാന്‍ കഴുകിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. വര്‍ഷങ്ങളായി നമ്മളുടെ എച്ചില്‍ പാത്രം കഴുകുകയും നമുക്കുള്ളതെല്ലാം ഉണ്ടാക്കി തരികയും ചെയ്യുന്ന അമ്മയുടെ എച്ചില്‍ പാത്രം ഒന്ന് കഴുകി വച്ചാല്‍ എന്താണെന്നും ജിഷിൻ ചോദിക്കുന്നു. താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ജിഷിന്റെ വാക്കുകൾ
ഞാനും ഏട്ടനും ചെറുതായിരിയ്ക്കുന്ന സമയത്ത് അമ്മയ്ക്ക് വയ്യാതെയായി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു ''അമ്മയ്ക്ക് വയ്യാത്തതല്ലേ നിങ്ങള്‍ കഴിച്ച പാത്രം കഴുകി വച്ചേക്ക്'' എന്ന്. അന്ന് മുതല്‍ ഞാന്‍ കഴിച്ച പാത്രം ഞാന്‍ തന്നെയാണ് കഴുകി വയ്ക്കാറുള്ളത്. ഞാന്‍ കഴിച്ച പാത്രത്തിനൊപ്പം, ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിയ ഏതാനും ചില പാത്രങ്ങള്‍കൂടെ സിങ്കില്‍ ഉണ്ടെങ്കില്‍ അതും കഴുകി വയ്ക്കും. വര്‍ഷങ്ങളായുള്ള ശീലമാണ്.
ഞാന്‍ ഇത് പറയുന്നത് ആണ്‍കുട്ടികളെ ഉദ്ദേശിച്ചാണ്. നമ്മള്‍ രാവിലെ കുളിച്ചൊരുങ്ങി പുറത്തേക്ക് പോകും. ഫ്രഡ്‌സിനൊപ്പം കറങ്ങിയും സിനിമ കണ്ടും കളിച്ചും വരുമ്പോള്‍ അമ്മ എന്തെങ്കിലും ടിവിയില്‍ കണ്ടു കൊണ്ടിരിക്കുകയായിരിയ്ക്കും. നമുക്കുള്ള ഭക്ഷണവും മറ്റ് കാര്യങ്ങളും എല്ലാം ഒരുക്കി വച്ച് അപ്പോഴായിരിയ്ക്കും അമ്മ ഒന്ന് ഇരുന്നത്. നമ്മള്‍ വേഗം വന്ന് റിമോട്ട് തട്ടിപ്പറിച്ച് എന്തെങ്കിലും സ്‌പോട്‌സ് എങ്ങാനും വയ്ക്കും. ആ സമയം അമ്മയ്ക്ക് കൊടുത്തൂടെ.
നിങ്ങളാരെങ്കിലും അമ്മ കഴിച്ച, പാത്രം കഴുകിയിട്ടുണ്ടോ.. ഞാന്‍ കഴുകിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. വര്‍ഷങ്ങളായി നമ്മളുടെ എച്ചില്‍ പാത്രം കഴുകുകയും നമുക്കുള്ളതെല്ലാം ഉണ്ടാക്കി തരികയും ചെയ്യുന്ന അമ്മയുടെ എച്ചില്‍ പാത്രം ഒന്ന് കഴുകി വച്ചാല്‍ എന്താണ്. ചിന്തിക്കൂ..
ഈ മെസേജ് കണ്ട് എന്നെ കളിയാക്കാനും പൊങ്കാല ഇടാനും ചിലരെങ്കിലും വരാതിരുക്കില്ല. പക്ഷെ ആരെങ്കിലും ഒരാള്‍ എങ്കിലും ഇതേ കുറിച്ച് ചിന്തിച്ചാല്‍ അത് മതി എനിക്ക്. നമ്മള്‍ നമ്മുടെ ജീവിതത്തില്‍ ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളില്‍, ചിന്താഗതിയില്‍ ചെറിയ ഭേദഗതി വരുത്തിയാല്‍ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമ്മുടെ ഉറ്റവര്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കിയത് നിങ്ങളോട് ഷെയര്‍ ചെയ്യുന്നു.
