മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്

കെആര്‍കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നടനും നിര്‍മ്മാതാവും ട്രേഡ് അനലിസ്റ്റുമായ കമല്‍ ആര്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റിലായി. വിദ്വേഷ പരാമര്‍ശമടങ്ങിയ 2020ലെ ചില ട്വീറ്റുകളിന്മേലുള്ള പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. മുംബൈയിലെ മലാഡ് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്.

ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാന്‍റെയും റിഷി കപൂറിന്‍റെയും മരണവുമായി ബന്ധപ്പെട്ട് കമല്‍ ആര്‍ ഖാന്‍ ചില ട്വീറ്റുകള്‍ നടത്തിയിരുന്നു. ഇര്‍ഫാന്‍ ഖാന്‍റെ മരണം താന്‍ മുന്‍പേ പ്രവചിച്ചിരുന്നുവെന്നും അടുത്തത് ആരാണെന്ന് തനിക്കറിയാമെന്നുമായിരുന്നു റിഷി കപൂറിന്‍റെ അനാരോഗ്യം സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ്. യുവസേനാ നേതാവ് രാഹുല്‍ കനല്‍ ആണ് ഈ ട്വീറ്റുകള്‍ മുന്‍നിര്‍ത്തി കമലിനെതിരെ പരാതിയുമായി പോയത്. 2020 ഏപ്രില്‍ 30ന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇന്ന് നടന്‍റെ അറസ്റ്റ് ഉണ്ടായത്.

ALSO READ : മോശം റേറ്റിംഗില്‍ മുന്നേറി 'ലൈഗര്‍'; ഐഎംഡിബിയില്‍ മറികടന്നത് ആമിര്‍, കങ്കണ ചിത്രങ്ങളെ

സമൂഹമാധ്യത്തിലൂടെ സ്ഥിരമായി വിദ്വേഷ പ്രചരണം നടത്തുന്ന ആളാണ് കമല്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പരാതി. ദേശ്ദ്രോഹി എന്ന സിനിമയിലൂടെയാണ് കമാല്‍ ബോളിവുഡിലേക്ക് എത്തിയത്. ആ പേര് പോലെ തന്നെയാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റവും. ലോകം മുഴുവന്‍ മഹാമാരി വ്യാപിക്കുമ്പോളും ഇത്തരത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരാളുടെ മാനുഷികത എനിക്ക് മനസിലാവുന്നില്ല. ഈ വ്യക്തി രാജ്യത്ത് ഇല്ല എന്നത് വ്യക്തമാണ് ഐപിസി 505, 504, 501, 188, 117, 121, 153 (എ) വകുപ്പുകള്‍ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു, രാഹുലിന്‍റെ പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത കമലിനെ മുംബൈ ബോറിവ്‍ലി കോടതിയില്‍ ഹാജരാക്കും.

പുതിയ ബോളിവുഡ് ചിത്രങ്ങളുടെ റിവ്യൂ തന്‍റേതായ ശൈലിയില്‍ അവതരിപ്പിക്കാറുള്ള കമലിന് ട്വിറ്ററില്‍ 51 ലക്ഷവും യുട്യൂബില്‍ 11 ലക്ഷവും ഫോളോവേഴ്സും ഉണ്ട്.