മുംബൈ: പ്രാദേശികമായി നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താത്ത സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി വാദിക്കുന്നതിനെ പരിഹസിച്ച് ബോളിവുഡ് താരം കങ്കണ റണൌട്ട്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കതിരെ സംസാരിക്കാന്‍ ഏറെ നേരെ ആലോചിക്കേണ്ടി വരുന്ന ഇവര്‍ക്ക് അമേരിക്കയിലെ പ്രശ്നത്തില്‍ ഇടപെടാന്‍ അല്‍പസമയം പോലും വേണ്ടി വരുന്നില്ലെന്ന് കങ്കണ പരിഹസിക്കുന്നു. 

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പരിഹാസം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയില്‍ സന്യാസിമാര്‍ ആക്രമണത്തിന് ഇരയായി. ഈ താരങ്ങളെല്ലാം താമസിക്കുന്ന ബോംബെയില്‍ തന്നെയായിരുന്നു സംഭവം. പക്ഷേ ആരും ഒരു വാക്കുപോലും പറഞ്ഞില്ല. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള അടിമത്ത മനോഭാവത്തില്‍ മാറ്റമില്ലെന്നും കങ്കണ കുറ്റപ്പെടുത്തുന്നു. ഇന്ത്യക്കാരുടെ ജീവന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിക്കാത്ത ഇവര്‍ ഹോളിവുഡ് താരങ്ങള്‍ നല്‍കുന്ന കുമിളയോളം പോരുന്ന പ്രശസ്തിക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും കങ്കണ പറയുന്നു. 

പരിസ്ഥിതി വിഷയങ്ങളിലും വിദേശരാജ്യങ്ങളിലെ കൌമാരക്കാരെ പ്രശംസിക്കുകയും പിന്താങ്ങുകയും ചെയ്യുന്നവര്‍ സ്വന്തം രാജ്യത്തെ ഇത്തരം പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ്. പദ്മശ്രീ അവാര്‍ഡ് പോലും ലഭിച്ച പലരും ഇത്തരം പ്രശ്നങ്ങളില്‍ ആവശ്യമായ പിന്തുണ ലഭിക്കാതെയാണ് പോകുന്നത്. ബോളിവുഡിന് ആദിവാസികളുടെ പ്രശ്നങ്ങളേക്കുറിച്ചും ഒന്നും പറയാനില്ലെന്നും കങ്കണ പറയുന്നു.