നടൻ കണ്ണൻ സാഗർ, തന്റെ ബൈപ്പാസ് സർജറിക്ക് സഹായിച്ച രമേഷ് പിഷാരടിയോട് നന്ദി അറിയിച്ചു. മമ്മൂട്ടിയുടെ ഫൗണ്ടേഷൻ വഴി പിഷാരടിയാണ് ശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്. പിഷാരടിയോടും മമ്മൂട്ടിയോടും എന്നും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈപ്പാസ് സർജറിയ്ക്ക് സഹായിച്ച രമേഷ് പിഷാരടിയെ നേരിൽ കണ്ട സന്തോഷം പങ്കിട്ട് നടൻ കണ്ണൻ സാ​ഗർ. മിമിക്രി അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ചേട്ടൻ ഓക്കെയല്ലേ, ആരോഗ്യം സൂക്ഷിക്കണം, പ്രാർത്ഥനയുണ്ട് എന്നാണ് പിഷാരടി പറഞ്ഞതെന്ന് കണ്ണൻ പറയുന്നു. പിഷാരടിയും കുടുംബവും ആദരവ് നിറഞ്ഞ മഹാനടൻ മമ്മൂക്കയും ആയുരാരോഗ്യ സൗഖ്യമായി ഇരിക്കുവാൻ പ്രാർത്ഥനകൾ നേരുന്നുവെന്നും താനും കുടുംബവും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കണ്ണൻ കൂട്ടിച്ചേർത്തു.

കണ്ണൻ സാ​ഗറിന്റെ വാക്കുകൾ ഇങ്ങനെ

ജീവിത വഴിതാരകളിൽ പലമുഖങ്ങളും മാറിയും മറിഞ്ഞും വന്നുകൊണ്ടും ആവശ്യങ്ങളും അനാവശ്യങ്ങളും വിളമ്പി മാനസിക പിരിമുറുക്കങ്ങൾക്ക് വഴിയൊരുക്കി കടന്നുപോകും, അവിടേക്കു ഒരിക്കലും മറക്കാൻ പാടില്ലാത്ത ചിലമുഖങ്ങൾ പ്രതീക്ഷിക്കാതെയോ അവിചാരിതമായോ കടന്നുവരും അവരോട് തന്റെ വേവലാതികൾ പറഞ്ഞാൽ സഹായിക്കും സഹതപിക്കും സ്വാന്തനപ്പെടുത്തും എന്ന് നമ്മൾ ഉറച്ചു വിശ്വസിക്കും പക്ഷേ സമയവും കാലവും നോക്കണം അഭ്യർത്ഥനകൾക്ക്.

ഇവിടെയാണ് അത്ഭുതപ്പെടുത്തി ഏറ്റവും വിലപ്പെട്ട സമയങ്ങളിൽ ഊണും ഉറക്കവും സമയവും ആരോഗ്യവും നോക്കാതെ ഏറ്റവും സൂക്ഷ്മമായി വായിൽനിന്നും ഒരു അബദ്ധ വാക്കുകൽപോലും ഒരു ചലനം പോലും അതീവ ശ്രെദ്ധയോടെ പോകുന്ന ഒരു ജനപ്രതിനിധിയായി തിരഞ്ഞെടുപ്പിൽ നിൽക്കുന്ന ആരോപണ പ്രത്യാരോപണ വാക്കുകൾക്കു നിറപുഞ്ചിരിയാൽ മറുപടികൾ നൽകി ജനങ്ങൾക്ക്‌ ഒരു പ്രതിനിധിയായി നിൽക്കുന്ന സ്ഥാനാർഥി എങ്ങനെ ആവണം ആയിരിക്കണം എന്ന് പ്രവർത്തിയിലൂടെയും ജനങ്ങൾക്ക്‌ കാട്ടികൊടുത്തും അതിജീവിച്ചു പടപൊരുതി നിൽക്കുന്ന നേരത്താണ് ഞാനാ ഹൃദയ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യം ഒരു മെസേജിലൂടെ ഇട്ടത്. പക്ഷേ ഞെട്ടിച്ചുകളഞ്ഞു. അന്ന് അർദ്ധരാത്രിയോടെ മറുപടിയും തന്നു. തുടർ ചികിത്സ വാഗ്ധാനം നൽകി മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട സർവ്വശ്രീ ഭരത് പദ്മഭൂഷൻ മമ്മൂട്ടിയെന്ന മഹാനടന്റെ പേരിലുള്ള ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി ആലുവ രാജഗിരി ആശുപത്രിയിൽ വെച്ച് എന്റെ ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കി. എന്നേ ജീവിതത്തിലേക്ക് നയിച്ച പ്രിയപ്പെട്ട സോദരനാണ് രമേഷ് പിഷാരടി.

മിമിക്രി അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കാൻ വന്നു. ഞാൻ കണ്ടപാടേ മാസ്ക് വെച്ച മുഖത്തോടെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു. ചേട്ടാ ഒരു സന്തോഷം നിറഞ്ഞ സദസാണ് എല്ലാവരും സഹപ്രവർത്തകർ അവരും വിഷമിക്കണ്ടാ.. ഒരു സീൻ ഉണ്ടാക്കല്ല് ചേട്ടൻ ഓക്കെയല്ലേ ആരോഗ്യം സൂക്ഷിക്കണം. പ്രാർത്ഥനയുണ്ട്. എന്ന് പറഞ്ഞപ്പോൾ കണ്ണുകൾ തുടച്ചു ഒരു ഫോട്ടോക്ക് പോസ് ചെയ്തു. ഇത് എടുത്തത് മിമിക്രിക്കാരുടെ സ്വകാര്യ അഹങ്കാരമായ പ്രിയ നടനും സംഘടനാ സെക്രട്ടറികൂടിയായ കലാഭവൻ ഷാജോൺ ബായിയാണ്. ഇതിൽ പരം സന്തോഷവും സ്നേഹം ആസ്വദിക്കാൻ കഴിഞ്ഞ ജന്മത്തിൽ എന്ത് സുഹൃതമാണ് ചെയ്തത് എന്നുമറിയില്ല. പ്രിയ പിഷാരടിയും കുടുംബവും ആദരവ് നിറഞ്ഞ മഹാനടൻ മമ്മൂക്കായും ആയുരാരോഗ്യ സൗഖ്യമായി ഇരിക്കുവാൻ പ്രാർത്ഥനകൾ നേരുന്നു. ഞാനും കുടുംബവും എന്നും കടപ്പെട്ടിരിക്കുന്നു ശിരസ് നമിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming