ഇത് ജയമോഹൻ ഒരുമാതിരി വെള്ളമടിച്ച് പറഞ്ഞതായി എന്ന് കിഷോര്‍ സത്യ പരിഹസിച്ചു.

തിരക്കഥാകൃത്തും സാഹിത്യകാരനുമായ ജയമോഹൻ മലയാളികളെ ആക്ഷേപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. തമിഴ്‍നാട്ടിലും ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയെ മുൻനിര്‍ത്തിയായിരുന്നു ബി ജയമോഹന്റെ ആക്ഷേപം. മഞ്ഞുമ്മല്‍ ബോയ്‍സ് അലോസരപ്പെടുത്തിയ ഒരു സിനിമയാണ് എന്നും തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് ഉള്ളത് എന്നും അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും എന്നും ജയമോഹൻ പറഞ്ഞിരുന്നു. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികളെന്നും പറഞ്ഞ ജയമോഹനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് നടൻ കിഷോര്‍ സത്യ.

സങ്കടം തോന്നുന്നു എന്ന മുഖവുരയോടെയാണ് വീഡിയോയില്‍ കിഷോര്‍ സത്യ നിലപാട് വ്യക്തമാക്കിയത്. ജയമോഹൻ സാറെ സങ്കടം തോന്നുന്നു. സാറിനെപ്പോലെയുള്ളയാള്‍ ഇങ്ങനെ ഒരു സിനിമയെ മോശമായി കാണാമോ?. മലയാളികളെ മുഴുവൻ സാറ് മോശമായിട്ടല്ലേ പറയുന്നത് എന്നും കിഷോര്‍ സത്യ ചൂണ്ടിക്കാട്ടുന്നു. അങ്ങയെപ്പോലെ പ്രതിഭയില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇതൊന്നും എന്ന് നടൻ കിഷോര്‍ സത്യ വ്യക്തമാക്കുന്നു. മലയാളികള്‍ കള്ളു കുടിച്ചു നടക്കുന്നതാണെന്ന് പറയുകായാണ് അങ്ങ് ചെയ്‍തത്. മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന ഒരു സിനിമയുടെ സ്വഭാവത്തെ വെച്ച് മലയാളികള്‍ മുഴുവൻ മദ്യപാനികളാണ് എന്ന് പറയാമോ എന്നും കിഷോര്‍ സത്യ ചോദിക്കുന്നു.

അങ്ങയെ വിമര്‍ശിക്കാനൊന്നും ഒരു ആളല്ല താൻ എന്നും മലയാളികള്‍ ഇഷ്‍ടപ്പെടുന്ന സാഹിത്യകാരനാണ് ജയമോഹൻ എന്നും കിഷോര്‍ സത്യ ചൂണ്ടിക്കാട്ടുന്നു. സിനിമയായി കാണുന്നതല്ലേ നല്ലത്. നിലവില്‍ അങ്ങ് പ്രവര്‍ത്തിക്കുന്ന തമിഴ് സിനിമയിലും മദ്യപാനം കാണുന്നില്ലേ. മാസ്റ്ററില്‍ മദ്യപാനിയിട്ടല്ലേ വിജയ് വേഷമിട്ടത്. കഥാപാത്രത്തിന്റെ പേര് ജെഡിയെന്നാണ്. കഥാപാത്രത്തിന് അങ്ങനെ പേരിടുമ്പോള്‍ മനസിലേക്ക് വരുന്നതെന്താണ് എന്നും കിഷോര്‍ സത്യ നിലപാട് വിശദീകരിക്കവേ ചോദിച്ചു. ഇഷ്‍ടപ്പെടുകയോ ഇല്ലാതിരിക്കുകയോ എന്നത് ഒരു സിനിമ കാണുന്ന പ്രേക്ഷകന്റെ ഇഷ്‍ടമാണ് എന്നും സാഹിത്യസൃഷ്‍ടിയായി കാണുന്നതാണ് ശരിയെന്നും കിഷോര്‍ സത്യ വ്യക്തമാക്കി.

ഇന്ത്യയിലെ മദ്യത്തിന്റെ ഉപയോഗത്തിന്റെ കണക്കുകളും താരം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ അരുണാചല്‍ പ്രദേശും തെലുങ്കാനയും സിക്കിമുമൊക്കെയാണ് എന്നാണ് ഒരു പഠന വാര്‍ത്തയെ ഉദ്ധരിച്ച് കിഷോര്‍ സത്യ വ്യക്തമാക്കിയത്. വാഹനത്തില്‍ ഛര്‍ദ്ദിച്ച് പോകുന്ന മലയാളികളില്ല അവിടെയൊന്നും, ഒരുപക്ഷേ സാര്‍ ആ സംസ്ഥാനങ്ങളില്‍ പോകാത്തതു കൊണ്ടായിരിക്കും എന്നും കിഷോര്‍ സത്യ അഭിപ്രായപ്പെട്ടു. എന്തായാലും ഇതൊരു മാതിരി വെള്ളടിച്ച് പറഞ്ഞതായി എന്നും ഒരു നാട്ടുപ്രയോഗമെന്ന് സൂചിപ്പിച്ച് കിഷോര്‍ സത്യ ജയമോഹനെ പരിഹസിക്കുകയും ചെയ്‍തു.

Read More: ഒന്നാമത് മോഹൻലാലിന്റെ ആ പരാജയപ്പെട്ട സിനിമ, തകരാത്ത സര്‍വകാല റെക്കോർഡ്, രണ്ടാമൻ യുവ നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക