Asianet News MalayalamAsianet News Malayalam

Madhavan : 'ഇത് പുതിയ ഇന്ത്യ'; പ്രധാനമന്ത്രിയെ പ്രശംസിച്ച് മാധവന്‍

ഡിജിറ്റലൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാല്‍ ആ ധാരണകള്‍ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും മാധവന്‍ പറയുന്നു.

Actor Madhavan on PM Modi digital economy at Cannes
Author
Mumbai, First Published May 20, 2022, 3:40 PM IST

കാൻ ചലച്ചിത്ര മേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ മാധവൻ(Madhavan). പ്രധാനമന്ത്രി കൊണ്ടുവന്ന മൈക്രോ എക്കോണമി നയത്തെ പ്രശംസിച്ച് കൊണ്ടാണ് മാധവൻ രം​ഗത്തെത്തിയത്. ഡിജിറ്റലൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാല്‍ ആ ധാരണകള്‍ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും മാധവന്‍ പറയുന്നു. ചലച്ചിത്ര മേളയില്‍ മാധവൻ സംസാരിക്കുന്ന വീഡിയോ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

"ഇന്ത്യൻ പ്രധാനമന്ത്രി തന്റെ ഭരണം ആരംഭിച്ചപ്പോൾ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു.ലോകം മുഴുവന്‍ കരുതിയത് അതൊരു വലിയ പരാജയമായി മാറുമെന്നാണ്. ഇന്ത്യയിലെ ഉള്‍ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സ്മാര്‍ട്ടഫോണും അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ധാരണയില്‍ നിന്നാണ് ആ സംശയം ഉടലെടുത്തത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഥ മാറിമറിഞ്ഞു. മൈക്രോ എക്കണോമി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ ഇപ്പോൾ മാറിയിരിക്കുകയാണ്. അതാണ് പുതിയ ഇന്ത്യ", എന്നാണ് മാധവന്‍ പറഞ്ഞത്. ചലച്ചിത്രമേളയില്‍ മാധവനൊപ്പം കമല്‍ ഹാസന്‍, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ അതിഥികളാണ്.

റോക്കട്രി - ദ നമ്പി ഇഫക്ട് എന്ന ചിത്രമാണ് മാധവന്‍റേതായിപുറത്തിറങ്ങാനിരിക്കുന്നത്. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ ചിത്രമാണിത്.  മാധവൻ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നത്. വരുന്ന ജൂലൈ ഒന്നിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പ്രമുഖ മലയാളി വ്യവസായിയായ ഡോ വര്‍ഗീസ് മൂലന്‍റെ  വര്‍ഗീസ് മൂലൻ പിക്ച്ചേഴ്സും, ആര്‍ മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടർന്ന് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്‍റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു? അതാണ് ചിത്രം പറയുന്നത്. നമ്പി നാരായണന്‍റെ ആത്മകഥ - ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ആയിരുന്നു ചിത്രത്തിന്റെ കോ ഡയറക്ടർ.

വിവിധ ഭാഷകളിൽ റോക്കട്രി റിലീസ് ചെയ്യുന്നുണ്ട്. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയും
മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മൻ, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നു. ഒരേ സമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ഇന്ത്യൻ ചിത്രമെന്ന വിശേഷണത്തോടെയാകും ‘റോക്കട്രി- ദ നമ്പി ഇഫക്ട്’ തീയറ്ററുകളിലെത്തുക.

Follow Us:
Download App:
  • android
  • ios