ഹൈദരാബാദ്: തെലുങ്കു സിനിമാ-സീരിയല്‍ നടന്‍ മധു പ്രകാശിന്‍റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദ് സ്വദേശിയായ ഭാരതിയെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയലിന്‍റെ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു ഭാരതി. തെലുങ്കു സീരിയലുകളിലെ പ്രധാന താരമായ മധു പ്രകാശ് ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്.

സിനിമകളിലും സീരിയലുകളിലും  അഭിനയിക്കുന്നതിനെച്ചൊല്ലി ഭാരതിയും മധുവും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സീരിയലുകളില്‍ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന്‍റെ പേരിലായിരുന്നു തര്‍ക്കം.

കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിന് പോയ മധുവിനോട് ഭാരതി മടങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടു. മടങ്ങി വന്നില്ലെങ്കില്‍ മരിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ മധു ഇക്കാര്യം അവഗണിച്ചു. തുടര്‍ന്ന് ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയത്. 2015 ലായിരുന്നു ഇരുവരുടേയും വിവാഹം.തെലുങ്കു സീരിയലുകളിലൂടെ പ്രസിദ്ധനാണ് മധു പ്രകാശ്.