നടൻ മധുവിന് ജന്മദിനാശംസകൾ നേർന്ന് ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരെയാണ് മധുവിന്‍റെ മകൾ ഉമ ജയലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്
മുതിര്‍ന്ന നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായകന്‍ ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് അടുപ്പമുള്ളവരില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. മധുവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ശ്രീകുമാരന്‍ തമ്പി വേണുഗോപാലിന്‍റെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മധുവിന്‍റെ മകള്‍ ഉമ ജയലക്ഷ്മിയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ജി വേണുഗോപാലിന്‍റെ പോസ്റ്റിനെതിരെ ശ്രീകുമാരന്‍ തമ്പി എഴുതിയ മറുപടി പോസ്റ്റിന്‍റെ കമന്‍റ് ബോക്സിലാണ് ഉമ ജയലക്ഷ്മി പ്രതികരണവുമായി എത്തിയിരിക്കുന്നത്.
“യാഥാർത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റിൻ്റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജിൽ ഈ പോസ്റ്റ് കണ്ടത്. എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിൻ്റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിൻ്റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്തുകൊള്ളട്ടെ..”, ഉമ ജയലക്ഷ്മി കുറിച്ചു.
ജി വേണുഗോപാല്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇപ്രകാരമായിരുന്നു- “തിരുവനന്തപുരത്ത് കണ്ണമ്മൂല എന്ന സ്ഥലത്തിൻ്റെ കാതലായ ഭാഗം മുഴുവൻ ഭൂപ്രഭുക്കളായിരുന്ന അദ്ദേഹത്തിൻ്റെ (മധുവിന്‍റെ) കുടുംബ സ്വത്തായിരുന്നു. ഇന്ന് അദ്ദേഹം ഏകനായി താമസിക്കുന്ന ഒരു ചെറിയ വീട് മാത്രമേ ബാക്കിയുള്ളൂ. സിനിമയിൽ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാൾ”, ഇതാണ് അദ്ദേഹവുമായി അടുപ്പമുള്ളവരെ ചൊടിപ്പിച്ചത്.
ജി വേണുഗോപാലിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഇപ്രകാരം പറഞ്ഞിരുന്നു- “മധു ചേട്ടന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ജി വേണുഗോപാൽ എഴുതിയത് മുഴുവൻ ശുദ്ധ അസംബന്ധമാണ്. മധുച്ചേട്ടന്റെ സ്വദേശം കണ്ണമ്മൂല അല്ല, ഗൗരീശപട്ടം ആണ്. ധാരാളം സ്വത്തുവകകൾ ഉള്ള ഒരു ജന്മിത്തറവാട്ടിലെ അംഗം. മധു ചേട്ടന്റെ പിതാവ് പരമേശ്വരൻ നായർ തിരുവനന്തപുരം നഗരസഭ മേയർ ആയിരുന്നു. മധു ചേട്ടൻ ഇന്നു താമസിക്കുന്ന കണ്ണമ്മൂലയിലുള്ള 'ശിവഭവനം' എന്ന വീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെ ജന്മഗൃഹമാണ്. ധാരാളം ഭൂസ്വത്തുക്കൾ സ്വന്തമായുള്ള ഒരു വലിയ തറവാട്. അദ്ദേഹം ''ഏകനായി താമസിക്കുന്ന ചെറിയ വീട് ''എന്നു വേണുഗോപാൽ വിശേഷിപ്പിക്കുന്ന മധു ചേട്ടന്റെ വീടിനു ഒരു ഹാളും അഞ്ചു മുറികളും ഉണ്ട്. രണ്ടുമുറികൾ ബേസ്‌മെന്റിൽ ആണുള്ളത്. ആ വീട് മധു ചേട്ടൻ സ്വന്തം പണം കൊണ്ട് തന്റെ സ്വന്ത ഇഷ്ടപ്രകാരം നിർമ്മിച്ചതാണ്. അവിടെ അദ്ദേഹം തനിച്ചല്ല താമസം. അദ്ദേഹത്തിന്റെ ഒരു പേർസണൽ ഓഫീസ് പോലെയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആരാധകരെയും സ്വീകരിക്കുന്ന ഇടം.”
“ആ കോമ്പൗണ്ടിൽ ആകെ മൂന്നു വലിയ കെട്ടിടങ്ങൾ ഉണ്ട്. ഒന്ന് മധുച്ചേട്ടന്റെ ഭാര്യയുടെ ജന്മഗൃഹമായ ശിവഭവനം. അതിനു പിന്നിലായി പണിത പുതിയ വീട്ടിൽ മധുച്ചേട്ടന്റെ ഏക മകൾ ഡോ. ഉമാ നായരും ഭർത്താവ് എൻജിനീയറും വിദ്യാഭ്യാസ വിദഗ്ധനുമായ കൃഷ്ണകുമാറും അവരുടെ ഏക മകനും കുടുംബവും താമസിക്കുന്നു. കൃഷ്ണകുമാറിന്റെ പിതാവ് ശ്രീ. പദ്മനാഭൻ നായരും അവരോടൊപ്പം സന്തോഷമായിരിക്കുന്നു. മധു ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. മധു ചേട്ടന്റെ സഹായികളായി രണ്ടു പേർ കൂടിയുണ്ട് ആ വലിയ വീട്ടിൽ. ഞങ്ങളെ പോലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പതിവായി ഇവരെയെല്ലാം ഒരുമിച്ചു സന്ദർശിച്ചു സന്തോഷ നിമിഷങ്ങൾ പങ്കുവെയ്ക്കുന്നു. ഇങ്ങനെ ഒരു വലിയ കൂട്ടൂ കുടുംബത്തിന്റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരൻ വേണുഗോപാൽ ഏകനും അനാഥനുമുമായി ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടൻ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റിൽ ഉണ്ട് വേണുഗോപാലിനെ പോലുള്ളവർ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല.”
“വേണുഗോപാൽ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടൻ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കൾ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാൽ മധുച്ചേട്ടൻ സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നൽകിയിട്ടുള്ളൂ. അദ്ദേഹം അഭിനയിച്ചു സമ്പാദിച്ച പണം കൊണ്ടാണ് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. (ഉമാ സ്റ്റുഡിയോ ആദ്യം തുടങ്ങിയത് ചെന്നൈയിൽ ആയിരുന്നു. അന്ന് അതിനു വേണ്ടി പ്ലാൻ തയ്യാറാക്കുകയും നിർമ്മാണം തുടങ്ങുകയും ചെയ്ത എഞ്ചിനീയർ ഞാൻ ആയിരുന്നു. അതുകൊണ്ട് അന്നു മുതലുള്ള കാര്യങ്ങൾ എനിക്കറിയാം). തിരുവനന്തപുരത്തെ ഉമാ സ്റ്റുഡിയോ ഏഷ്യാനെറ്റിന് വിറ്റു കിട്ടിയ പണവും അദ്ദേഹം പാഴാക്കുകയോ സിനിമയിൽ നിക്ഷേപിക്കയോ ചെയ്തില്ല. ആ പണം കൊണ്ട് പുളിയറക്കോണം എന്ന സ്ഥലത്തു തന്നെ ഒരു വലിയ പുരയിടം വാങ്ങി കെട്ടിടം വെച്ചു. വീണ്ടും അതു ലാഭത്തിനു വിറ്റു പുതിയ പുരയിടങ്ങൾ വാങ്ങുകയും കെട്ടിടങ്ങൾ വെയ്ക്കുകയും ചെയ്തതല്ലാതെ ഒരു രൂപ പോലും നശിപ്പിക്കുകയോ സിനിമയ്ക്കായി കൊടുക്കുകയോ ചെയ്തിട്ടില്ല. സിനിമാ നിർമ്മാണവും മധു ചേട്ടന് നഷ്ടമൊന്നും വരുത്തിയിട്ടില്ല. സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലാത്ത വേണുഗോപാലിന് അതു പറഞ്ഞാലും മനസ്സിലാവില്ല. ഇരുപത്താറു ചിത്രങ്ങൾ സ്വന്തമായി നിർമ്മിക്കുകയും അതുവഴി ലാഭ നഷ്ടങ്ങൾ മനസിലാക്കുകയും ചെയ്ത എനിക്കതറിയാം”, ശ്രീകുമാരന്‍ തമ്പി കുറിച്ചിരുന്നു. അതേസമയം വിമര്‍ശനങ്ങളെ തുടര്‍ന്ന് ജി വേണുഗോപാല്‍ തന്‍റെ പോസ്റ്റില്‍ നിന്ന് വിമര്‍ശനവിധേയമായ ഭാഗം ഒഴിവാക്കിയിരുന്നു.



