'ചത്താ പച്ചാ' എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടി, സിനിമയുടെ വിജയാഘോഷത്തിൽ തന്റെ വരാനിരിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് പ്രതികരിച്ചു. മുഖം ഇതുതന്നെയാണെന്നും, എന്നാൽ കഥാപാത്രങ്ങൾക്കായി എന്തും ചെയ്യുമെന്നും പറഞ്ഞു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളികളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് നടൻ മമ്മൂട്ടി. മറ്റൊരു നടനും ചെയ്യാൻ സാധ്യതയില്ലാത്ത കഥാപാത്രമടക്കം ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തെ തേടി ഒടുവിൽ പത്മഭൂഷനും എത്തി. മനംനിറഞ്ഞ് നിൽക്കുന്ന മമ്മൂട്ടി ഈ വർഷം ആദ്യം സിനിമാസ്വാദകർക്ക് മുന്നിലെത്തിയത് അതിഥി വേഷത്തിലാണ്. ചത്താ പച്ചാ എന്ന ചിത്രത്തിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
ചത്താ പച്ചാ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുന്നതിനിടെ, വരാനിരിക്കുന്ന തന്റെ സിനിമകളുടെ കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ രസകരമായി മറുപടി നൽകിയിരിക്കുകയാണ് മമ്മൂട്ടി. സിനിമയുടെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു താരത്തിന്റെ മറുപടി. 'ഇനി വരാൻ പോകുന്ന സിനിമകളിൽ എങ്ങനത്തെ മമ്മൂക്ക ആണ് ഞങ്ങൾക്ക് മുന്നിൽ വരാൻ പോകുന്നത്? ഏത് മുഖമായിരിക്കും', എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന്, 'മുഖമൊക്കെ ഇത് തന്നെയാണ്. എന്തും ചെയ്യും. അന്തം വിട്ടാൽ എന്തും ചെയ്യും', എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ജനുവരി 22ന് ആയിരുന്നു ചത്താ പച്ചാ തിയറ്ററുകളില്‍ എത്തിയത്. ലോക പ്രശസ്തമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ.(WWE) യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിര്‍മിച്ച ചിത്രത്തില്‍ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത് (മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ), വിശാഖ് നായർ, പൂജ മോഹൻദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. മോഹൻലാലിൻറെ അനന്തരവനായ അദ്വൈതത് ആണ് സംവിധാനം. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. വിനായക് ശശികുമാർ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നു.



