മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ. 

'ഭ്രമയു​ഗം' വിജയഭേരി മുഴക്കി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ മമ്മൂട്ടിയടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് എത്തി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റേതാണ് അപ്ഡേറ്റ്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ നാളെ എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. നാളെ രാത്രി 9 മണിക്കാകും പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. 

 മമ്മൂട്ടിയുടെ പേരിലുള്ള മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ നിര്‍മാണ സംരംഭവും ആദ്യത്തെ ആക്ഷന്‍ പടവുമാണ് ഇത്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍- കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജസ്റ്റിൻ വർഗ്ഗീസ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. 

ആകെ നേടിയത് എത്ര? ഒടിടി 'യുദ്ധ'ത്തിന് 'വാലിബൻ' വരാർ ! ഇനി മണിക്കൂറുകൾ മാത്രം

അതേസമയം, ഭ്രമയുഗം വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍, അമാല്‍ഡ ലിസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നിലവില്‍ രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന് 200ല്‍ പരം തിയറ്ററുകളാണ് കേരളത്തില്‍ ഉള്ളത്. വിദേശത്തും മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ട്. അതോടൊപ്പം നാളെ മുതല്‍ തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..