മമ്മൂട്ടി കമ്പനി എന്ന  ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

വാഹനത്തിൽ പോകുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. മറ്റ് ചില അഭിനേതാക്കളെയും പോസ്റ്ററിൽ ദൃശ്യമാണ്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സിനിമ എന്നാണ് റിലീസ് ചെയ്യുക എന്ന ചോദ്യവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ചിത്രം ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

2021ൽ വർഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്കത്തി'ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം. 

ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'അമര'ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്‍റേതാണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. 

Nanpakal Nerathu Mayakkam : സിംഗിള്‍ ഷോട്ടിലെ മമ്മൂട്ടി നടനം; 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍