2023 സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്.
2023ൽ റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് 'കണ്ണൂർ സ്ക്വാഡ്'. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് എന്ന നവാഗതനാണ്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കസറിയിരുന്നു. ചിത്രം റിലീസ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോൾ യഥാർത്ഥ കണ്ണൂർ സ്ക്വാഡിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
കഴിഞ്ഞ ദിവസം കാതൽ ദ കോർ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളുടെ സക്സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്നുള്ളതാണ് ഫോട്ടോ. റിയൽ ആൻഡ് റീൽ കണ്ണൂർ സ്ക്വാഡുകൾ ഒറ്റ ഫ്രെയിമിൽ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവച്ചത്. ഇവർക്ക് ഉപഹാരവും മമ്മൂട്ടി കമ്പനി സമ്മാനിച്ചിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ചിത്രത്തെയും ടീമിനെയും പ്രശംസിച്ച് കൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്.
2023 സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അസീസ്‍ നെടുമങ്ങാട്, റോണി, ശബരീഷ് വർമ, വിജയരാഘവൻ തുടങ്ങിയവർക്കൊപ്പം ഇതര ഭാഷാ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ കണ്ണൂർ സ്ക്വാഡ് ബോക്സ് ഓഫീസിൽ 80കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. സാറ്റലൈറ്റ്, ഒടിടി തുടങ്ങിയവയിൽ നിന്നായി 100കോടി ബിസിനസും മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരുന്നു. ഇക്കാര്യം നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരുന്നു. നിലവിൽ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിൽ ചിത്രം കാണാനാവുന്നതാണ്.
